കർഷകർക്ക് കരുത്തായി ചേർത്തലയിൽ ചെറുധാന്യ-കിഴങ്ങുവർഗ്ഗ സംസ്കരണ പ്ലാൻ്റ്
ഉദ്ഘാടനം മന്ത്രി പി പ്രസാദ് ഇന്ന് (ഫെബ്രുവരി 25ന് ) നിർവഹിക്കും
ചേർത്തലയുടെ മണ്ണിൽ നിന്ന് കർഷകർക്ക് കരുത്തായി മാറാൻ കൃഷി വകുപ്പിൻ്റെ അത്യാധുനിക ചെറുധാന്യ-കിഴങ്ങുവർഗ്ഗ സംസ്കരണ പ്ലാൻ്റ് ഒരുങ്ങി. നാട്ടിലെ കർഷകർ വിളയിക്കുന്ന ചെറുധാന്യങ്ങൾക്കും കിഴങ്ങുവർഗ്ഗങ്ങൾക്കും അർഹമായ വിപണിമൂല്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ചേർത്തല നിയോജക മണ്ഡലത്തിലാണ് ഈ പുതിയ സംരംഭം യാഥാർത്ഥ്യമാകുന്നത്. ചേർത്തല തെക്ക് പഞ്ചായത്തിലെ 13-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്വയംസിദ്ധ ഭവൻ എന്ന കെട്ടിടത്തിലാണ് മില്ലറ്റ്-ട്യൂബർ പ്രോസസിംഗ് പ്ലാന്റ് പ്രവർത്തിക്കുക. 'പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്‌മെൻ്റ് ആൻഡ് വാല്യൂ അഡിഷൻ' പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ സംസ്കരണ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്.
കാർഷിക വിളകളുടെ കേവലം വിപണനത്തിനപ്പുറം അവയെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റി കർഷകർക്ക് മികച്ച വരുമാനം ലഭ്യമാക്കുക എന്നതാണ് പ്ലാൻ്റിൻ്റെ പ്രധാന ലക്ഷ്യം. ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ച്, ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങ് വർഗ്ഗ ഗവേഷണ കേന്ദ്രം, കായംകുളം കൃഷി വിജ്ഞാന കേന്ദ്രം എന്നീ പ്രമുഖ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായവും മാർഗ്ഗനിർദ്ദേശങ്ങളും പ്ലാൻ്റിൻ്റെ രൂപീകരണത്തിന് പിന്നിലുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചെറുധാന്യങ്ങളുടെയും കിഴങ്ങുവർഗ്ഗങ്ങളുടെയും കൃഷി വ്യാപിപ്പിക്കുന്നതിനായുള്ള ബോധവൽക്കരണ ക്ലാസുകൾ പഞ്ചായത്ത് തലത്തിൽ സജീവമായി നടന്നുവരികയാണ്. കർഷകരിൽ നിന്ന് നേരിട്ട് വിളകൾ സംഭരിച്ച് അവ ശാസ്ത്രീയമായി സംസ്കരിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുങ്ങിക്കഴിഞ്ഞു.
ഉല്പാദനക്ഷമതയും ഗുണമേന്മയും വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക മെഷീനറികളാണ് പ്ലാൻ്റിൽ സജ്ജീകരിച്ചിരിക്കുന്നത്. പൾവറൈസർ, റോസ്റ്റർ, എയർ പമ്പ് ഡീഹൈഡ്രേറ്റർ, മിക്സിംഗ് യൂണിറ്റ്, ഷീറ്റിംഗ് മെഷീൻ, ട്യൂബർ സ്ലൈസർ മുതൽ വാക്വം പാക്കിംഗ് മെഷീൻ വരെയുള്ള സജ്ജീകരണങ്ങൾ പ്ലാന്റിൽ സ്ഥാപിച്ചിട്ടുണ്ട് . പ്രാരംഭ ഘട്ടത്തിൽ മില്ലറ്റ് ന്യൂട്രിബാർ, ന്യൂട്രിമിക്സ്, മില്ലറ്റ്-മധുരക്കിഴങ്ങ് പുട്ടുപൊടികൾ, തുടങ്ങിയ ഉൽപ്പന്നങ്ങളാണ് വിപണിയിലെത്തിക്കാൻ ലക്ഷ്യമിടുന്നത്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം മില്ലറ്റ് കഫേകൾ വഴിയും പ്രാദേശിക വിപണികൾ വഴിയും ഈ പോഷകസമൃദ്ധമായ ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തും. ചേർത്തലയിലെ കർഷക കൂട്ടായ്മയായ കരപ്പുറം എഫ്.പി.ഒ യ്ക്കാണ് പ്ലാൻ്റിൻ്റെ പ്രവർത്തന ചുമതല നൽകിയിരിക്കുന്നത്.
- Log in to post comments