മലയാറ്റൂർ തീർത്ഥാടനം: ഭക്തജനങ്ങൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കും
അവലോകന യോഗം ചേർന്നു
വിശുദ്ധവാരത്തോടനുബന്ധിച്ച് മലയാറ്റൂർ അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രത്തിലെ ഒരുക്കങ്ങൾ വിലയിരുത്താൻ റോജി എം. ജോൺ എം.എൽ.എയുടെയും ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.
മാർച്ച് 28 മുതൽ ഏപ്രിൽ 19 വരെ നീണ്ടുനിൽക്കുന്ന തീർത്ഥാടന കാലയളവിൽ ഭക്തജനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്ന് എം.എൽ.എ പറഞ്ഞു. റോഡുകളുടെ അറ്റകുറ്റപ്പണികൾ ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്നും കാൽനട യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കാനകളിൽ സ്ലാബുകൾ ഇടുന്ന പ്രവർത്തനങ്ങൾ ഉടൻ തീർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്രമസമാധാന പാലനത്തിനായി കൂടുതൽ പോലീസിനെ വിന്യസിക്കും. ഗതാഗത നിയന്ത്രണം, സി.സി.ടി.വി നിരീക്ഷണം, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവ പോലീസിന്റെ നേതൃത്വത്തിൽ സജ്ജീകരിക്കും. പുഴയോരത്തും തടാകത്തിന് സമീപവും സുരക്ഷാ മുന്നൊരുക്കങ്ങൾ ഉണ്ടാകും. തീർത്ഥാടകരുടെ യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും, സ്വകാര്യ ബസുകൾക്ക് സ്പെഷ്യൽ പെർമിറ്റും നൽകും. കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ വാട്ടർ അതോറിറ്റി കൂടുതൽ പബ്ലിക് ടാപ്പുകൾ സ്ഥാപിക്കാനും നിലവിലുള്ളവ പുനരുദ്ധരിക്കാനും യോഗത്തിൽ തീരുമാനമായി.
മലയാറ്റൂർ അടിവാരത്തും കുരിശുമുടിയിലും ഡോക്ടർമാരുടെ സേവനവും ആംബുലൻസുകളും ഉറപ്പാക്കും. ഭക്ഷണശാലകളിൽ പരിശോധന നടത്താൻ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കും. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കും. വനം വകുപ്പിന്റെ നേതൃത്വത്തിൽ വനസംരക്ഷണ ബോർഡുകൾ സ്ഥാപിക്കും. ലഹരി വിൽപന തടയാൻ എക്സൈസ് പരിശോധന കർശനമാക്കും മാലിന്യ നിർമ്മാർജ്ജനത്തിനായി പ്രത്യേക വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കാനും പൂർണ്ണമായും ഹരിതചട്ടം പാലിച്ചുമാത്രം പരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
ആലുവ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ മലയാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സലോമി ടോമി, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. വർഗ്ഗീസ്, മലയാറ്റൂർ പള്ളി വികാരി ഫാ. ജോസ് ഒഴലക്കാട്ട്, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments