Skip to main content
യുവജന കമ്മീഷന്‍ യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുവജന കമ്മീഷന്‍ യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

 

കേരള സംസ്ഥാന യുവജന കമ്മീഷന്‍ 2025-26 വര്‍ഷത്തെ യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ശാരീരിക മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ തങ്ങളുടേതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങള്‍ക്കാണ് യുവപ്രതിഭാ പുരസ്‌കാരം നല്‍കുന്നത്. ഏഷ്യയിലെ ആദ്യത്തെ ഹാന്‍ഡ്സ് ഫ്രീ വനിതാ ഡ്രൈവറായ ജിലുമോള്‍ മരിയറ്റ് തോമസ്, യൂണിവേഴ്സിറ്റി കോളേജ് ഇംഗ്ലീഷ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശാരദാ ദേവി, പഞ്ചഗുസ്തി ദേശീയ താരം അമല്‍ ഇക്ബാല്‍ എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍.

ഇരുകൈകളുമില്ലാതെ ജനിച്ചിട്ടും ഇച്ഛാശക്തിയോടെ അതിജീവനത്തിന്റെ പാതയില്‍ വിജയം വരിച്ച ജിലുമോള്‍ മരിയറ്റ് തോമസ് ഇടുക്കി തൊടുപുഴ സ്വദേശിനിയാണ്. കാലുകള്‍ കൊണ്ട് എഴുതി പ്ലസ്ടുവും അനിമേഷന്‍ ബിരുദവും നേടിയ ശേഷം ആറ് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ കാലുകള്‍ കൊണ്ട് കാര്‍ ഓടിച്ച് ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കി ജിലു സമൂഹത്തിന് പ്രചോദനമായി. 2025 ലെ കേരള ശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം സ്വദേശിനിയായ ഡോ. ശാരദാദേവി ഡിസബിലിറ്റി സ്റ്റഡീസ് ഗവേഷകയും വീല്‍ചെയര്‍ യൂസറും ഭിന്നശേഷി അവകാശ പ്രവര്‍ത്തകയുമാണ്. ഡിസബിലിറ്റിയുള്ള വ്യക്തികളുടെ അവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവല്‍കരണത്തിനും അക്കാദമിക് പൊതുസമൂഹ ഇടപെടലുകള്‍ നടത്തുന്ന വ്യക്തിത്വമാണ് ഡോ. ശാരദാദേവി. ഇവരുടെ അതിജീവന വാര്‍ത്ത എസ്.സി.ഇ.ആര്‍.ടി ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ ഇടം നേടിയിട്ടുണ്ട്.

പഞ്ചഗുസ്തിയില്‍ ദേശീയതലത്തില്‍ വെങ്കല നേട്ടം കരസ്ഥമാക്കിയ മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അമല്‍ ഇക്ബാല്‍ സംസ്ഥാനതല മത്സരത്തില്‍ ഇരട്ട സ്വര്‍ണം നേടിയിട്ടുണ്ട്. മസ്‌ക്കറ്റില്‍ നടന്ന യു.എന്‍ മോഡല്‍ പാര്‍ലമെന്റില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന വിദ്യാര്‍ഥികളോട് മത്സരിച്ച് ഔട്ട് സ്റ്റാന്റിംഗ് ഡിപ്ലൊമസി അവാര്‍ഡ് കരസ്ഥമാക്കി. ഹിമാചല്‍ പ്രദേശിലെ ബ്യാസ് നദിയും കണ്ണൂരിലെ തേജസ്വിനി പുഴയും റിവര്‍ റാഫ്റ്റിങ്ങ് എന്ന സാഹസിക വിനോദത്തിലൂടെ കീഴടക്കിയ ആദ്യത്തെ സെറിബ്രല്‍ പാള്‍സി ബാധിതനാണ് അമല്‍. പുരസ്‌കാരങ്ങള്‍ മാര്‍ച്ച് നാലിന് തിരുവനന്തപുരത്ത് വിതരണം ചെയ്യും.

date