Skip to main content

നാലു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം; റീത്ത ഇനി നാല് സെന്റ് ഭൂമിക്ക് അവകാശി

'എന്നും ഓര്‍ത്തു വയ്ക്കാന്‍ ഒരുപാട് നല്ല നിമിഷങ്ങളൊന്നും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഇത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു നിമിഷമാണ്. സ്വന്തമായി നാലു സെന്റ് ഭൂമിയുടെ അവകാശിയായ നിമിഷം'. ഇത് പറയുമ്പോള്‍ ഹോസ്ദുര്‍ഗ് താലൂക്കിലെ തൃക്കരിപ്പൂര്‍ നടക്കാവ് ഉന്നതിയിലെ 60 വയസ്സുകാരി റീത്തയുടെ കണ്ണുകള്‍ ഈറനണിയുന്നുണ്ടായിരുന്നു. പതിച്ചുകിട്ടിയ നാലു സെന്റ് ഭൂമിക്ക് പട്ടയത്തിനു വേണ്ടിയുള്ള 40 വര്‍ഷത്തെ റീത്തയുടെ കാത്തിരിപ്പിനാണ് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ നടന്ന പട്ടയമേളയോടെ വിരാമമായത്.

ജീവിതയാത്രയില്‍ എന്തിനും കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിച്ച ഭര്‍ത്താവ് പാതിവഴിയില്‍ ഉപേക്ഷിച്ചതോടെ സ്വന്തമായൊരു കിടപ്പാടം പോലുമില്ലാതെ മകളെയും ചേര്‍ത്ത് പിടിച്ച്  എങ്ങനെ മുന്നോട്ടുപോകുമെന്നോര്‍ത്ത് പകച്ചുനിന്ന ജീവിതമായിരുന്നു റീത്തയുടേത്. ചെറിയ കുടിലില്‍ ആയിരുന്നു ആദ്യം താമസിച്ചിരുന്നത്. ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെയും വില്ലേജ് ഓഫീസറുടെയും ഇടപെടലിലൂടെ ആറു വര്‍ഷങ്ങള്‍ക്കുമുന്‍പാണ് വീടും കുടിയിരുപ്പ് അവകാശവും ലഭിച്ചു. കൃത്യമായി കരവും ഒടുക്കുന്നുണ്ട്. മകള്‍ കല്യാണം കഴിഞ്ഞ് പോയതില്‍ പിന്നെ ഒറ്റയ്ക്കാണ് താമസം. പട്ടയം ലഭ്യമാക്കുന്നതിനായി വില്ലേജ് ഓഫീസര്‍ അടക്കമുള്ളവരുടെ ഇടപെടല്‍ നന്ദിയോടെ ഓര്‍ക്കുന്നു റീത്ത. ഹോസ്ദുര്‍ഗ് താലൂക്ക് നോര്‍ത്ത് തൃക്കരിപ്പൂര്‍ നടക്കാവ് നഗറിലെ റീത്ത ഉള്‍പ്പെടെയുള്ള 14 കുടുംബങ്ങള്‍ക്കും നെരുദാ ക്ലബ്ബിലെ ഒരു കുടുംബത്തിനുമാണ് പട്ടയങ്ങള്‍ നല്‍കാന്‍ അനുമതിയായത്. ഇതില്‍ റീത്തയെ കൂടാതെ സൈനബ രത്‌നാകരന്‍ തങ്കച്ചന്‍ ലസ്ന രത്‌നാകരന്‍ ചിന്നപ്പന്‍ സുരേഷ് സവേരിയ പത്മിനി ശ്രുതി ശാന്ത എന്നിവര്‍ക്ക് ജില്ലാതല പട്ടമേളയില്‍ പട്ടയങ്ങള്‍ വിതരണം ചെയ്തു.

 

date