Skip to main content

തരംഗം സൃഷ്ടിച്ച് വോട്ട് വണ്ടി പ്രയാണം തുടരുന്നു കോളേജുകളില്‍ പര്യടനം പൂര്‍ത്തിയായി നിയമസഭ തിരഞ്ഞെടുപ്പ് പ്രക്രിയകളെ കുറിച്ചും ഇലക്ട്രോണിക്ക് വോട്ടര്‍ മെഷീനെക്കുറിച്ചും കന്നി വോട്ടര്‍മാരെ ബോധവല്‍ക്കരിച്ചുക്കൊണ്ടുള്ള വോട്ട് വണ്ടി നിയോജക മണ്ഡലങ്ങളിലെ വിവ

നിയമസഭ തിരഞ്ഞെടുപ്പ് പ്രക്രിയകളെ കുറിച്ചും ഇലക്ട്രോണിക്ക് വോട്ടര്‍ മെഷീനെക്കുറിച്ചും കന്നി വോട്ടര്‍മാരെ ബോധവല്‍ക്കരിച്ചുക്കൊണ്ടുള്ള വോട്ട് വണ്ടി നിയോജക മണ്ഡലങ്ങളിലെ വിവിധ കോളേജുകളില്‍ പര്യടനം പൂര്‍ത്തികരിച്ചു. പൊതുസമൂഹത്തെ തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കുന്നതിനുമായി ജില്ലാ ഭരണ സംവിധാനവും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വീപ്പ് പ്രചരണപരിപാടിയാണ് വോട്ടു വണ്ടി. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വോട്ട് വണ്ടിയുടെ കോളേജ് തല പ്രയാണത്തിനു കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ തുടക്കം കുറിച്ചത്. തിരഞ്ഞെടുപ്പിന്റെ നാള്‍വഴികളും വോട്ടവകാശത്തെ സംബന്ധിച്ച് ചരിത്ര വിദ്യാര്‍ത്ഥികള്‍ സമീപിക്കേണ്ടുന്ന രീതികളെയും അവലംബമാക്കി കളക്ടര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. കന്നി വോട്ടര്‍മാര്‍ക്ക്  തിരഞ്ഞെടുപ്പ് രീതികള്‍, വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നിവ കളക്ടര്‍ നേരിട്ട് വിശദീകരിച്ച് പരിശീലനം നല്‍കി പരിചയപ്പെടുത്തിയത് കുട്ടികള്‍ക്ക് നവ്യാനുഭവമായി. ജില്ലയിലെ തിരഞ്ഞെടുപ്പ് ബ്രാന്‍ഡ് അംബാസഡറായ പ്രശസ്ത ചലച്ചിത്ര താരം ഉണ്ണിരാജ് ചെറുവത്തൂര്‍ മുഖ്യാതിഥിയായി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ എന്‍ ഗോപകുമാര്‍, സ്വീപ് നോഡല്‍ ഓഫീസര്‍ രതീഷ് പിലിക്കോട്,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  എം.മധുസൂദനന്‍, എഡിഎംസി കിഷോര്‍ കുമാര്‍ കെ.എം, ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പുഷ്പലത തുടങ്ങിയവര്‍ സംസാരിച്ചു. സാര്‍വത്രിക വോട്ടവകാശം ജനകീയമായി വിനിയോഗിക്കുകയെന്ന പ്രചരണ സന്ദേശവുമായി നാടന്‍പാട്ട് കലാകാരന്‍ റംഷി പട്ടുവത്തിന്റെ നാടന്‍ കലാവിരുന്നും ഉദ്ഘാടനപരിപാടിയുടെ ഭാഗമായി അരങ്ങേറി. തുടര്‍ന്ന് ആറ്‌ ദിവസങ്ങളിലായി മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്,  തൃക്കരിപ്പൂര്‍ നിയോജകമണ്ഡലങ്ങളിലെ വിവിധ കോളേജുകളില്‍ വോട്ടു വണ്ടി പര്യടനം നടത്തുകയും കന്നി വോട്ടര്‍മാര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ പര്യടനത്തിനുശേഷം വോട്ട് വണ്ടി കോളേജ് തല പ്രചരണം സമാപിച്ചു.

date