നാലര ലക്ഷത്തോളം കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളായി മാറിയെന്ന് മുഖ്യമന്ത്രി ജില്ലാതല പട്ടയ മേള ഓണ്‍ ലൈനില്‍ ഉദ്ഘാടനം ചെയ്തു മേളയില്‍ വിതരണം ചെയ്തത് 659 പട്ടയങ്ങള്‍
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ നാലര ലക്ഷത്തോളം കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന തല പട്ടയ മേലയോട് അനുബന്ധിച്ച് കാസര്‍കോട് ജില്ലാതല പട്ടയ മേള കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു കുടുംബത്തില്‍ നാലുപേര്‍ എന്ന കണക്കെടുത്താല്‍ 40 ലക്ഷം ആളുകള്‍, നാലരലക്ഷം പട്ടയങ്ങളുടെ ഗുണഭോക്താക്കളായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രളയം, അതിവൃഷ്ടി, കൊറോണ, നിപ്പ മുതലായ കെടുതികള്‍ ഉണ്ടായപ്പോഴും 1,77,011 പട്ടയങ്ങള്‍ വിതരണം ചെയ്തു. തുടര്‍ഭരണം ലഭിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ 54,535 പട്ടയങ്ങളും പിന്നീട് 67,069 പട്ടയങ്ങളും വീണ്ടും രണ്ട് ഘട്ടങ്ങളിലായി 31,499, 27,784 പട്ടയങ്ങള്‍ വീതവും വിതരണം ചെയ്തു. തുടര്‍ ഭരണത്തിലെ ആദ്യ മൂന്നു വര്‍ഷം കൊണ്ടാണ് ഇത് സാധിച്ചത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി വീണ്ടും പട്ടയങ്ങള്‍ വിതരണം ചെയ്തു. ഇന്ന് സംസ്ഥാനതല പട്ടയമേളയില്‍ വിതരണം ചെയ്യുന്ന 27,752 പട്ടയങ്ങള്‍ കൂടിയാകുമ്പോള്‍ ആകെ നാലരലക്ഷം പട്ടയങ്ങള്‍ എന്ന ലക്ഷ്യത്തില്‍ എത്തിച്ചേരുകയാണ് സര്‍ക്കാര്‍. ഇത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്.
ഭൂമിയും വീടും ലഭ്യമാക്കുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം ആണെന്നും ആഗോളവല്‍ക്കരണം അതേപടി നടപ്പിലാക്കിയിരുന്നുവെങ്കില്‍ കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം വളര്‍ച്ച ഉണ്ടായേനെ എന്നും സര്‍ക്കാരിന്റെ ബദല്‍ നയം കാരണമാണ് ഭവനരഹിതരും ഭൂരഹിതരും ഇല്ലാത്ത കേരളം എന്ന വാഗ്ദാനം പാലിക്കപ്പെടുന്നത്. ലൈഫ് ഭവന പദ്ധതി പ്രകാരം അഞ്ച് ലക്ഷം പേര്‍ക്ക് വീട് നല്‍കി. മുത്തങ്ങയില്‍ കുടിയിറക്കപ്പെട്ട 283 ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമിവീതം നല്‍കി. അവശേഷിക്കുന്ന ഭൂരഹിതര്‍ക്ക് മരയനാട് എസ്റ്റേറ്റില്‍ 171 ഏക്കര്‍ ഭൂമി നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കും. തിരുവനന്തപുരം ചെറ്റച്ചലില്‍ ഭൂസമരം അവസാനിപ്പിച്ച് 137 കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കി. 2016 മുതല്‍ 2025 വരെ വനാവകാശ നിയമപ്രകാരം 6,288 ഏക്കര്‍ ഭൂമി 4,690 ആദിവാസി കുടുംബങ്ങള്‍ക്ക് പതിച്ചു നല്‍കി. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഭൂവിതരണവും പട്ടയ വിതരണവും നടപ്പിലാക്കിയത്. വിതരണത്തിനായി പ്രത്യേക ഡാഷ് ബോര്‍ഡ് സജ്ജമാക്കി ലാന്‍ഡ് ട്രിബ്യൂണലില്‍ പട്ടയ അദാലത്തുകള്‍ നടത്തി, ഇ-പട്ടയങ്ങള്‍ ലഭ്യമാക്കി പട്ടയ മിഷന്‍ രൂപീകരിച്ചു.
ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പട്ടയ അസംബ്ലികള്‍ നടത്തി. വനഭൂമിയിലെ ഹില്‍മെന്‍ സെറ്റില്‍മെന്റുകള്‍ക്കായുള്ള പട്ടയ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നു. ഇത് പൂര്‍ത്തിയാകുന്നതോടെ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ 37,000 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ഡിജിറ്റല്‍ സര്‍വേക്കായി 858കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രകടനപത്രിയില്‍ പറഞ്ഞ 600 വാഗ്ദാനങ്ങളില്‍ 580 എണ്ണവും നടപ്പിലാക്കിെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും താഴെത്തട്ടില്‍ ഉള്ള ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് തൃശ്ശൂരില്‍ സംസ്ഥാനതല പട്ടയ വിതരണമേളയില്‍ അധ്യക്ഷനായ റവന്യൂ വകുപ്പ് ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. മറ്റു പല വകുപ്പുകളുടെയും ഭൂമി റവന്യൂ വകുപ്പിന് കീഴിലാക്കി സങ്കീര്‍ണമായ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിച്ചു.
നാലരലക്ഷം പട്ടയങ്ങള്‍ കൊടുക്കാന്‍ സാധിച്ചത് സര്‍ക്കാരിന്റെ വലിയ നേട്ടം ആണെന്ന് ജില്ലാതല പട്ടയമേളയില്‍ അധ്യക്ഷത വഹിച്ച് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. ഇതില്‍ റവന്യൂ വകുപ്പിന്റെ വലിയ പിന്തുണയുണ്ട്. പട്ടയം നല്‍കാന്‍ കഴിയാതിരുന്ന ഒറ്റപ്പെട്ട കേസുകള്‍ പഠിച്ച് പരിഹാരം സാധ്യമാക്കണം.
പട്ടയ മേളയില്‍ വിതരണം ചെയ്തത് 73 ട്രൈബല്‍ പട്ടയമുള്‍പ്പെടെ 659 പട്ടയങ്ങള്‍.
ജില്ലാതല പട്ടയമേളയില്‍ വിതരണം 73 ട്രൈബല്‍ പട്ടയം ഉള്‍പ്പെടെ 659പട്ടയങ്ങള്‍. ഇതോടെ ജില്ലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം 6844 ആയി. ഹോസ്ദുര്‍ഗ് താലൂക്കില്‍ 42 എല്‍.എ പട്ടയങ്ങളും വെള്ളരിക്കുണ്ട് താലൂക്കിലെ 154 എല്‍.എ പട്ടയങ്ങളും കാസര്‍കോട് താലൂക്കിലെ 123 എല്‍.എ പട്ടയങ്ങളും മഞ്ചേശ്വരം താലൂക്കിലെ 79 എല്‍.എ പട്ടയങ്ങളുമായി ജില്ലയില്‍ ആകെ 252 ലാന്‍ഡ് ട്രിബൂണല്‍ പട്ടയങ്ങളും വിതരണം ചെയ്തു.
പരേതനായ വിമുക്തഭടന്‍ നാരായണന് 2.73 ഏക്കര്‍ ഭൂമി പട്ടയമായി അനുവദിച്ചത് ഭാര്യ എം.പി ലക്ഷ്മി ഇ ചന്ദ്രശേഖരന്‍ എം.എല്‍.എയില്‍ നിന്ന് ഏറ്റു വാങ്ങി. ഹോസ്ദുര്‍ഗ് താലൂക്കിലെ വി.റീത്ത, ഷീബ വെള്ളരിക്കുണ്ട് താലൂക്കിലെ രമ,ടി.സരോജിനി തുടങ്ങി നിരവധി പേര്‍ വേദിയില്‍ പട്ടയങ്ങള്‍ ഏറ്റുവാങ്ങി.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി രമേശന്‍, മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ പി.വി ചന്ദ്രന്‍ മാസ്റ്റര്‍ തഹസില്‍ദാര്‍മാര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പട്ടയമേളയില്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സ്വാഗതവും എ.ഡി.എം പി.അഖില്‍ നന്ദിയും പറഞ്ഞു.
- Log in to post comments