ഭൂപതിവ് ചട്ടഭേദഗതി പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ പട്ടയം പീച്ചി പള്ളിക്ക് റവന്യൂ മന്ത്രി കൈമാറി
ഭൂപതിവ് ചട്ടഭേദഗതി പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ പട്ടയം പീച്ചി പള്ളിക്ക് റവന്യൂ മന്ത്രി കൈമാറി
ഭൂപതിവ് ചട്ടഭേദഗതി പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ പട്ടയം റവന്യൂ വകുപ്പ് മന്ത്രി കെ രാജന് വിതരണം ചെയ്തു. ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ പീച്ചി ലൂര്‍ദ് മാതാ ദേവാലയത്തിനാണ് മന്ത്രി നേരിട്ടെത്തി പട്ടയം കൈമാറിയത്.
1971 ഓഗസ്റ്റിനു മുന്‍പ് മുതല്‍ കൈവശം വച്ചുപോരുന്ന ഭൂമിക്ക് ന്യായവിലയുടെ 15 ശതമാനം നല്കിയാല് മതിയെന്ന വ്യവസ്ഥയോടെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തതിനെ തുടര്‍ന്നാണ് പീച്ചി പള്ളിക്ക് പട്ടയം ലഭിച്ചത്. അര നൂറ്റാണ്ടിന്റെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. സാങ്കേതിക കുരുക്ക് അഴിഞ്ഞതിലൂടെ പീച്ചി ദേവാലയം ഒരേക്കറിലധികം ഭൂമിയുടെ അവകാശിയായി മാറുകയായിരുന്നു.
പള്ളി വികാരി ഫാ.പ്രിന്റോ കുളങ്ങരയും ഇടവക വിശ്വാസികളും ചേര്‍ന്നാണ് പട്ടയ വിതരണത്തിനെത്തിയ റവന്യൂ മന്ത്രിയെ വരവേറ്റത്. പട്ടയം അനുവദിച്ച തങ്ങളുടെ എംംഎല്‍എ കൂടിയായ റവന്യൂ മന്ത്രിക്കുള്ള സ്നേഹവിരുന്നു കൂടിയായിരുന്നു വിശ്വാസികളുടെ സംഗമം.
സ്ഥാപനങ്ങളും സംഘടനകളും മതിയായ രേഖകളില്ലാതെ കൈവശം വച്ചിരിക്കുന്ന ഭൂമി, വ്യവസ്ഥകള്‍ക്ക് വിധേയമായി പതിച്ചു നല്‍കാനുള്ള മാനദണ്ഡത്തില്‍ ഇളവു വരുത്തിയതോടെ സംസ്ഥാനത്ത് നിരവധി സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ക്കും പട്ടയം ലഭിക്കാനുള്ള തടസം നീങ്ങിയതായി മന്ത്രി കെ രാജന് പറഞ്ഞു.
തൃശൂര്‍ തഹസില്‍ദാര്‍ ടി ജയശ്രീ, പട്ടിക്കാട് ഫൊറോന പള്ളി വികാരി ഫാ.തോമസ് വടക്കൂട്ട്, മുന്‍ വികാരി ഫ്രാന്‍സിസ് തരകന്, പാണഞ്ചേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സീന വര്‍ഗീസ്, വിനോദ് തേനംപറമ്പില്‍, പഞ്ചായത്തംഗം സ്വപ്ന രാധാകൃഷ്ണന്, സുനില്‍ സണ്ണി, വിന്‍സന്റ് പയ്യപ്പിള്ളി തുടങ്ങിയവരും പങ്കെടുത്തു.
- Log in to post comments