Skip to main content

കേരളത്തിലെ സ്ത്രീകളുടെ വരുമാനത്തിൽ വരാനിരിക്കുന്നത് വലിയ കുതിച്ചുചാട്ടം; മന്ത്രി എം ബി രാജേഷ് കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾ ഇനി റീട്ടെയിൽ വിപണിയിൽ

കേരളത്തിലെ സ്ത്രീകളുടെ വരുമാനത്തിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കാൻ പോകുന്ന പദ്ധതിയാണ് റീട്ടെയിൽ വിപണിയിലേക്ക് കുടുംബശ്രീ സംരംഭകരുടെ ഉത്പ്പന്നങ്ങൾ എത്തിക്കുന്നതിലൂടെ കുടുംബശ്രീ മുന്നോട്ട് വെക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കുടുംബശ്രീ സംരംഭകരുടെ ഉത്പ്പന്നങ്ങളെ റീട്ടെയിൽ വിപണിയിലേക്ക് എത്തിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉത്പ്പന്നങ്ങൾ റീട്ടെയിൽ വിപണിയിലേക്ക് കൂടി എത്തുന്നതോടെ കുടുംബശ്രീക്ക് വലിയ വിപണിയാണ് തുറന്നുകിട്ടുന്നതെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീ ഇതിനോടകം 30 ഇനം ഉത്പന്നങ്ങൾ പുറത്തിറക്കി കഴിഞ്ഞു. 155 ഇനം ഉത്പന്നങ്ങൾ വിപണിയിൽ ഇനിയും വരാനിരിക്കുകയാണ്. കുടുബശ്രീ ആരംഭിച്ച ടേക്ക് എവേ ചിക്കൻ കൗണ്ടറുകളുടെ എണ്ണം അടുത്ത വർഷത്തോടെ 1000 മായി വർദ്ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു

കുടുംബശ്രീ ഉൽപ്പന്നങ്ങൾ റീട്ടെയിൽ വിപണിയിൽ എത്തിക്കുന്നതിനായ് ഒപ്പുവെച്ച ധാരണപത്രം മന്ത്രി ഓൾ കേരള ഡിട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ  പ്രസിഡൻ്റ് ബിനു മഞ്ഞളിക്ക് കൈമാറി. ഓൾകേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ബിനു മഞ്ഞളി അധ്യക്ഷത വഹിച്ചു.

സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെയും വിവിധ ഉപജീവന പദ്ധതികളുടെയും ഭാഗമായി കുടുംബശ്രീ മിഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് സംരംഭകർ വിവിധതരം ഉത്പ്പന്നങ്ങൾ നിർമ്മിച്ചു വരുന്നുണ്ട്. ഇത്തരം ഉൽപ്പന്നങ്ങൾ നിലവിൽ ഹോംഷോപ്പ്, കുടുംബശ്രീയുടെ ഡിജിറ്റൽ മാർക്കറ്റിംഗ് ആപ്പ് ആയ പോക്കറ്റ്‌മാർട്ട്, കുടുംബശ്രീ സ്ഥിര വിപണന കേന്ദ്രങ്ങൾ കൂടാതെ വിവിധ തലങ്ങളിൽ സംഘടിപ്പിക്കുന്ന ഉൽപ്പന്ന വിപണന മേളകൾ എന്നിവയിലൂടെയാണ് വിപണനം നടത്തിവരുന്നത്. ഇത്തരം പരമ്പരാഗത മാർഗങ്ങൾ നിലനിർത്തി കൊണ്ടുതന്നെ വിപണിയിലേക്ക് വലിയരീതിയിലുള്ള ചാട്ടമാണ് റീട്ടെയിൽ വിപണിയിലേക്ക് കടക്കുന്നതോടെ കുടുംബശ്രീ ലക്ഷ്യം വെക്കുന്നത്. റീട്ടെയിൽ/ഹൈപ്പർ/സൂപ്പർ മാർക്കറ്റുകളിൽ മറ്റ് ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്കൊപ്പം കിടപിടിക്കത്തക്ക രീതിയിൽ കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് വിപണനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി 14 ജില്ലകളിലും കുടുംബശ്രീ ബിസിനസ് ടു ബിസിനസ് മീറ്റുകൾ സംഘടിപ്പിച്ചിരുന്നു.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേഷൻ കൗൺസിലർ വിനോദ് കൃഷ്ണ, ഓൾകേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽകുമാർ എം കെ, ഓൾകേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ  സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹരിചന്ദ്രബാബു, ഓൾകേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പ്രവീൺ പി, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ നവീൻ സി, തൃശൂർ ജില്ലാ ഡിസ്ട്രിബ്യൂട്ടേഴ്സ് വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് മുഹമ്മദ് ഹനീഫ്, ഓൾകേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പർ അനന്തപുരി കണ്ണൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത് കെ ദീപക് എന്നിവർ സംസാരിച്ചു.

 

date