Skip to main content

70 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നെഞ്ചോട് ചേർത്ത് പട്ടയം

  70 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു കുടുംബത്തിന്റെ സ്വപ്നം സഫലമായി. തലമുറകളായി കൈമാറി കൈവശം സൂക്ഷിച്ചിരുന്ന ഭൂമി ഇനി ഔദ്യോഗികമായി സ്വന്തം പേരിലായതിൻ്റെ സന്തോഷത്തിലാണ് പീച്ചി സ്വദേശികളായ സഹോദരങ്ങൾ.

പീച്ചി വില്ലേജിലെ പെമ്പിളക്കുന്ന് വീട്ടിലെ ആറ് സഹോദരങ്ങളാണ് ഒല്ലൂർ നിയോജക മണ്ഡലത്തിലെ മലയോര കുടിയേറ്റക്കാർക്കായി സംഘടപ്പിച്ച പട്ടയ മേളയിലൂടെ ലഭിച്ച ഈ മലയോര പട്ടയത്തിന്റെ ഫലം അനുഭവിക്കുക. സഹോദരങ്ങളായ ജോസ്, ചാക്കോ, ലീലാമ്മ, ലൈസമ്മ എന്നിവരുടെ പേരിലാണ് ഇന്ന് മലയോരപട്ടയം അനുവദിച്ചത്. മുൻപ് ബേബി, കുര്യൻ എന്നിവർക്കും മലയോരപട്ടയം ലഭിച്ചിരുന്നു. വർഷങ്ങളായി അനിശ്ചിതത്വത്തിൽ കഴിയേണ്ടി വന്ന ഈ കുടുംബത്തിന്, ഇന്ന് ലഭിച്ച രേഖകൾ ഒരു ഭൂമിയുടെ ഉടമസ്ഥാവകാശം മാത്രമല്ല, സുരക്ഷയുടേയും അഭിമാനത്തിൻ്റെയും പ്രതീകം കൂടിയാണ്.

റബ്ബർ കൃഷിയാണ് ഈ കുടുംബത്തിൻ്റെ ജീവിതോപാധി. അതേ മണ്ണിൽ ജനിച്ചു വളർന്ന ഇവർക്ക്, ആ മണ്ണ് തന്നെ ഇപ്പോൾ നിയമപരമായ ഉറപ്പായി മാറിയിരിക്കുകയാണ്. കാത്തിരിപ്പിന്റെ നീണ്ട വഴിയിലൂടെ നടന്നെത്തിയ ഈ സന്തോഷം, പീച്ചിയിലെ ഒരു കുടുംബത്തിന്റെ ജീവിതത്തിൽ പുതിയ അധ്യായത്തിനാണ് തുടക്കം കുറിക്കുന്നത്. മലയോരമേഖലയിലെ ജനങ്ങളുടെ പട്ടയവിഷയത്തിൽ സർക്കാർ നടത്തുന്ന  ക്രിയാത്മകമായ ഇടപെടലുകളുടെ ഭാഗമായാണ് നിയോജകമണ്ഡലം മണ്ഡലം എം എൽ എയും റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രിയുമായ കെ രാജന്റെ നേതൃത്വത്തിൽ മലയോര പട്ടയ മേള സംഘടിപ്പിച്ചത്.

date