Skip to main content

സോഷ്യൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് കെട്ടിടവും അനുബന്ധ സേവനങ്ങളും നാടിന് സമർപ്പിച്ചു

 തൃശ്ശൂർ സോഷ്യൽ ഫോറസ്റ്റ് റേഞ്ച് ഓഫീസ് കെട്ടിടവും സൗരോർജ്ജ വേലികളും പ്രാഥമിക പ്രതികരണ സേന അംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വന്യജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി സംസ്ഥാന വനം വന്യജീവി വകുപ്പ് കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വടക്കാഞ്ചേരിയിലെ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസ് കെട്ടിടം ഒരു വർഷം കൊണ്ട് സമയബന്ധിതമായി നിർമാണം പൂർത്തിയാക്കാൻ സാധിച്ചു. മാർച്ച് മാസത്തിനുള്ളിൽ വനംവന്യജീവി അപകടങ്ങളുമായി ബന്ധപ്പെട്ടുള്ള ധനസഹായ വിതരണം പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തൃശ്ശൂർ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസ് കെട്ടിടം 1.18 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ചേലക്കര, വടക്കാഞ്ചേരി നിയോജകമണ്ഡലങ്ങളുടെ പരിധിയിൽ ഉൾപ്പെടുന്ന വടക്കാഞ്ചേരി- മച്ചാട് ഫോറസ്റ്റ് റേഞ്ചുകളിലെ ജനവാസ കേന്ദ്രങ്ങളിലെ വന്യജീവി പ്രതിരോധത്തിനായി 1.17 കോടി രൂപ ചെലവഴിച്ചാണ് പുതിയ സൗരോർജ്ജ വേലി യാഥാർത്ഥ്യമാക്കിയത്. ചടങ്ങിൽ സേവ്യയർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തക കൂട്ടായ്മയായ പ്രാഥമിക പ്രതികരണ സേന അംഗങ്ങൾക്കുള്ള യൂണിഫോം വിതരണ ഉദ്ഘാടനം യു ആര്‍ പ്രദീപ് എംഎൽഎ നിർവഹിച്ചു.

 അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ  കെ മനോജ് സ്വാഗതവും തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മാർട്ടിൻ ലോവൽ നന്ദിയും പറഞ്ഞു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ ആർ ആടലരശൻ റിപ്പോർട്ട് അവതരിപ്പിച്ചു. വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൺ മിനി അരവിന്ദൻ, വൈസ് ചെയർപേഴ്സൺ പി എൻ സുരേന്ദ്രൻ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ പി മദനൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date