ശ്രീധരിപ്പാലത്തിനോട് ചേർന്ന് പുതിയ കടവിന് 31 ലക്ഷത്തിൻ്റെ ഭരണാനുമതി
മണലിപ്പുഴയുടെ വലതുകരയിൽ ശ്രീധരിപ്പാലം കടവ് പണിയുന്നതിന് ഭരണാനുമതി ലഭിച്ചതായി ഒല്ലൂർ എംഎൽഎ കൂടിയായ റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. റിവർ മാനേജ്മെൻ്റ് ഫണ്ട് വിനിയോഗിച്ച് പ്രവൃത്തി നടപ്പിലാക്കുവാൻ 31,00,000 രൂപയുടെ എസ്റ്റിമേറ്റിനാണ് ഭരണാനുമതിയായത്.
നേരത്തെ പുഴയുടെ വലതുകരയിൽ പാലത്തിനോട് ചേർന്ന് 10.50 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തി നിർമ്മിച്ചിരുന്നു. ഇതിനടുത്ത് പുഴയുടെ കര ഇടിഞ്ഞു പോയിട്ടുണ്ട്. നിലവിലെ ഭിത്തിക്ക് തുടർച്ചയായി മറ്റൊരു സംരക്ഷണ ഭിത്തി കൂടി നിർമ്മിക്കണമെന്ന് ലാൻഡ് റവന്യൂ കമ്മിഷണറുടെ നിർദേശ പ്രകാരം സംസ്ഥാന ഉന്നതതല സമിതി പരിശോധിച്ച് നൽകിയ റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പുതിയ സംരക്ഷണ ഭിത്തി നിർമിക്കാനും തകർന്നു പോയ കടവ് പുനർനിർമ്മിക്കാനുമാണ് റിവർ മാനേജ്മെൻ്റ വകുപ്പ് തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.
ശ്രീധരിപാലം നിർമ്മിച്ച ഘട്ടത്തിൽ കടവ് പുനർനിർമ്മിക്കണമെന്ന് മന്ത്രിയോട് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
- Log in to post comments