Skip to main content

ഉപരാഷ്ട്രപതിയുടെ സന്ദർശനം: ജില്ലയിൽ ഇന്ന്‌ ( മാർച്ച് ഒന്ന്) ഗതാഗത നിയന്ത്രണം

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന്‌ (മാർച്ച് ഒന്ന് ഞായർ ) രാവിലെ എട്ട് മുതൽ 11 വരെ കൊച്ചി നഗരത്തിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.

 വാത്തുരുത്തി ജംഗ്ഷൻ മുതൽ ഹൈക്കോടതി ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലാണ് നിയന്ത്രണം. വില്ലിങ്‌ടൺ ഐലന്റ്, നേവൽ ബേസ്, തേവര, എം.ജി. റോഡ്, ബാനർജി റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് എന്നീ പ്രധാന മേഖലകളിൽ വാഹന ഗതാഗതത്തിനും ഡ്രോൺ പറത്തുന്നതിനും കടുത്ത നിയന്ത്രണങ്ങളുണ്ടാകും.

*ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്നും ഹൈക്കോടതി, കണ്ടയ്നർ റോഡ്, ഇടപ്പള്ളി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ തോപ്പുംപടി ബി.ഒ.ടി പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് അലക്സാണ്ടർ പറമ്പിത്തറ പാലം വഴി കുണ്ടന്നൂർ ജംഗ്ഷനിലെത്തണം. അവിടെനിന്ന് ഇടത്തോട്ട് തിരിഞ്ഞ് വൈറ്റില ജംഗ്ഷനിലെത്തി, വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് കടവന്ത്ര വഴി കെ.കെ. റോഡിലൂടെ കലൂരിലെത്താം. കലൂരിൽ നിന്നും കച്ചേരിപ്പടി വഴി ഹൈക്കോടതി ജംഗ്ഷനിലെത്തി കണ്ടയ്നർ ഭാഗത്തേക്ക് പോകാവുന്നതാണ്. അതല്ലെങ്കിൽ ഫോർട്ടുകൊച്ചി - വൈപ്പിൻ ജങ്കാർ സർവ്വീസും ഉപയോഗിക്കാം.

* വൈപ്പിൻ ഭാഗത്തുനിന്നും ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ഹൈക്കോടതി ജംഗ്ഷനിൽ നിന്നും കലൂരിലെത്തി കെ.കെ. റോഡിലൂടെ കടവന്ത്ര ജംഗ്ഷനിലെത്തണം. തുടർന്ന് സഹോദരൻ അയ്യപ്പൻ റോഡ് വഴി വൈറ്റിലയിലെത്തി, കുണ്ടന്നൂർ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് കുണ്ടന്നൂർ പാലം വഴി തോപ്പുംപടി ഭാഗത്തേയക്ക് അല്ലെങ്കിൽ ഫോർട്ടുകൊച്ചി വൈപ്പിൻ ജംങ്കാർ സർവ്വീസ് ഉപയോഗിക്കേണ്ടതാണ്. 

* തേവര ഫെറി ഭാഗത്തുനിന്നും കലൂർ, ഇടപ്പള്ളി ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങൾ പണ്ഡിറ്റ് കറുപ്പൻ റോഡ്, മട്ടമ്മൽ ജംഗ്ഷൻ, പനമ്പിള്ളി നഗർ, മനോരമ ജംഗ്ഷൻ വഴി കെ.കെ. റോഡിലൂടെ യാത്ര തുടരണം.

* വൈറ്റില, ഇടപ്പള്ളി ഭാഗങ്ങളിൽ നിന്നും ഹൈക്കോടതി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്ക് വി.വി.ഐ.പി യാത്ര നടക്കുന്ന സമയത്ത് ഹൈക്കോർട്ട് ജംഗ്ഷൻ വരെ മാത്രമേ പോകാൻ സാധിക്കുകയുള്ളൂ. എം.ജി റോഡിലൂടെയുള്ള വാഹനഗതാഗതം ഭാഗികമായി നിയന്ത്രിച്ചിട്ടുണ്ട്.

* വി.വി.ഐ.പി. വാഹന വ്യൂഹം കടന്നുപോകുന്ന വഴിയിൽ ( വാത്തുരുത്തി ജംഗ്ഷൻ മുതൽ M.G. റോഡ് B.T.H. റോഡ് - പാർക്ക് അവന്യു റോഡ് ഷൺമുഖം റോഡ് വരെ ) ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിലുള്ള വാഹന പാർക്കിംഗ് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.

date