നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം: ജില്ലയിൽ ഗൃഹസന്ദർശനം അറുപതിനായിരം കടന്നു; ഇതുവരെ സന്ദർശിച്ചത് 61,689 വീടുകൾ
കാസർകോട് ജില്ലയിൽ നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി ഗൃഹസന്ദർശനം പുരോഗമിക്കുന്നു. കുടുംബശ്രീ പ്രവർത്തകരും നവകേരള കർമസേനയുമാണ് സന്ദർശനം നടത്തുന്നത്.
ഇതുവരെ 61,689 ഗൃഹ സന്ദർശനം പൂർത്തികരിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ വീടുകൾ സന്ദർശിച്ചത്. ആദ്യമായി മുഴുവൻ വീടുകളിലും സന്ദർശനം നടത്തിയ പിലിക്കോട് പഞ്ചായത്ത് മുഖ്യമന്ത്രിയുടെ അനുമോദനവും പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ഏറ്റുവാങ്ങിയിരുന്നു ഇതുവരെ 8,514 വീടുകളിലാണ് പിലിക്കോട് പഞ്ചായത്തിൽ സന്ദർശിച്ചത്. പൊതു ചർച്ചകളും സംഘടിപ്പിച്ചു
7,196 ഗൃഹസന്ദർശനങ്ങളുമായി ബേഡഡുക്കയും 5,996 സന്ദർശനങ്ങളുമായി ഉദുമയുമാണ് തൊട്ടുപിന്നിൽ. പിലിക്കോടിന് പുറമെ അജാനൂർ (5,086), പള്ളിക്കര (4,633), നീലേശ്വരം (3,777), ചെറുവത്തൂർ (3,581), കിനാനൂർ-കരിന്തളം (3,205) എന്നീ പ്രദേശങ്ങളിലും മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്.
സർക്കാറിൻ്റെ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ ജനങ്ങളുമായി നേരിട്ട് ഇടപെട്ട് അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ശേഖരിക്കുന്നതിനായി നടത്തുന്ന പരിപാടി ജില്ലയിലുടനീളം തുടർന്നുകൊണ്ടിരിക്കുകയാണ്. പരിപാടിയുടെ ഭാഗമായി കുടുംബശ്രീ പ്രവർത്തകർ, തൊഴിലാളികൾ, ഹരിത കർമസേന പട്ടികജാതി-പട്ടികവർഗ പ്രൊമോട്ടർമാർ, അധ്യാപകർ, സർവ്വീസ് സംഘടനകൾ ക്ഷേമനിധി ബോർഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പൊതുചർച്ചകളും സംഘടിപ്പിച്ചുവരുന്നു.
ജനങ്ങളിലേക്ക് നേരിട്ടെത്തി, അവരുടെ അഭിപ്രായങ്ങൾ ശേഖരിച്ച് വികസന സംവാദങ്ങളിൽ അവരെ പങ്കാളികളാക്കി, അതുവഴി നയരൂപീകരണത്തിന്റെ അവിഭാജ്യ ഘടകമാക്കുന്ന പദ്ധതിയാണ്. സന്നദ്ധപ്രവർത്തകർ ഓരോ വാർഡിലുമുള്ള വീടുകൾ, ഫ്‌ളാറ്റുകൾ, മറ്റ് താമസസ്ഥലങ്ങൾ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, തൊഴിൽശാലകൾ, കുടുംബശ്രീ, തൊഴിലുറപ്പ് കൂട്ടായ്മകൾ, ബസ്/ഓട്ടോ/ടാക്‌സി സ്റ്റാൻഡുകൾ, വായനശാലകൾ, ക്ലബ്ബുകൾ തുടങ്ങി വിവിധയിടങ്ങളിൽ സന്ദർശനം നടത്തി പഠന റിപ്പോർട്ട് തയ്യാറാക്കുന്നു.
പ്രദേശിക വികസനാവശ്യങ്ങൾ, നിലവിലുള്ള പദ്ധതികളുടെ പോരായ്മകൾ, ക്ഷേമപദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദ്ദേശങ്ങൾ, സർക്കാർ സംരംഭങ്ങളെക്കുറിച്ചുള്ള പൊതു അഭിപ്രായങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന റിപ്പോർട്ട് സാമൂഹ്യജീവിതത്തിലെ വിവിധ പ്രശ്‌നങ്ങളെയും പ്രതിപാദിക്കും.
- Log in to post comments