കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്ത് 'ദിശ' യോഗം
വികസന ക്ഷേമ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് എം കെ രാഘവന് എം പി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല കോഓഡിനേഷന്‍ സമിതിയായ 'ദിശ'യുടെ 2025-26ലെ മൂന്നാംപാദ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സേതുബന്ധന്‍ പദ്ധതിയില്‍ തുക അനുവദിച്ച ഫറോക്ക് പാലത്തിനായി റെയില്‍വേ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങള്‍ നീക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജല്‍ ജീവന് മിഷന് പ്രവൃത്തികള്‍ കരാറുകാര്‍ ഏറ്റെടുക്കാന്‍ തയാറാകുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2023 വരെ പുരോഗതി ഉണ്ടായിരുന്ന പ്രവൃത്തികളിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടാമെന്നും എം പി അറിയിച്ചു.
സി.ആര്.ഐ.എഫ് ഫണ്ടില്‍ ഉള്‍പ്പെട്ട കുറ്റ്യാടി-വലക്കെട്ട്- കൈപ്രംകടവ് റോഡ് അഞ്ചര കിലോമീറ്റര്‍ ദൂരത്തില്‍ വീതി കുറവാണെന്ന പരാതി പരിഹരിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പരാതിക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം വിളിക്കണമെന്ന് ഷാഫി പറമ്പില്‍ എം പി ആവശ്യപ്പെട്ടു. തിക്കോടി ഫിഷ് ലാന്‍ഡിങ് സെന്ററുമായി ബന്ധപ്പെട്ട പഠനം നടക്കാത്തതില്‍ എം പി അതൃപ്തി അറിയിച്ചു.
വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ദാരിദ്ര്യ ലഘൂകരണ വിഭാഗം മേധാവി പി വി ജസീര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments