കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബസ് സ്റ്റേഷനുകൾ പണിത കാലഘട്ടമാണിത് - മന്ത്രി കെ ബി ഗണേഷ് കുമാർ
നവീകരിച്ച എറണാകുളം കെഎസ്ആർടിസി ഡിപ്പോയുടെ ഉദ്ഘാടനവും പുതിയ ബസ്സ് സ്റ്റാൻഡിന്റെ നിർമ്മാണ ഉദ്ഘാടനവും നടന്നു
കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബസ് സ്റ്റേഷനുകൾ പണിത കാലഘട്ടമാണിതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.
നവീകരിച്ച എറണാകുളം കെഎസ്ആർടിസി ഡിപ്പോയുടെ ഉദ്ഘാടനവും എറണാകുളം കാരയ്ക്കാമുറിയിൽ നിർമ്മിക്കുന്ന പുതിയ കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡിന്റെ നിർമ്മാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം .
കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് ഈ മാസം 15 ഓടെ ഓടിത്തുടങ്ങും .
ടിക്കറ്റ് റിസർവ് ചെയ്യുന്നതിനോടൊപ്പം ഭക്ഷണം ബുക്ക് ചെയ്യാനുള്ള സൗകര്യം, മികച്ച ടോയ്ലറ്റ് സൗകര്യം, ബസ് ഹോസ്റ്റസ് സൗകര്യം എന്നിവയോടെയാണ് ബിസിനസ് ക്ലാസ് ബസ്സുകൾ സർവീസ് ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും സർവീസുകൾ ഉണ്ടായിരിക്കും. സ്റ്റോപ്പുകളുടെ എണ്ണം കുറച്ച് നാലു മണിക്കൂറിനുള്ളിൽ എത്തുന്ന തരത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് തമിഴ്നാട്ടിലേക്ക് ബജറ്റ് ടൂറിസം ആരംഭിക്കും.
ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ബജറ്റ് ടൂറിസവും റിസോർട്ടുകളിൽ താമസം ഒരുക്കുന്ന റിസോർട്ട് ബജറ്റ് ടൂറിസവും ആരംഭിക്കും.
ടി ജെ വിനോദ് എംഎൽഎയുടെ ആസ്തി വികസനഫണ്ടും, ബിപിസിഎലിന്റെയും ജിയോജിത്തിന്റെയും സി എസ് ആർ ഫണ്ടും ഉപയോഗിച്ചാണ് എറണാകുളം കെഎസ്ആർടിസി ബസ്സ് സ്റ്റാൻ്റ് നവീകരിച്ചത്.
ചടങ്ങിൽ ടി. ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. ഹൈബി ഈഡൻ എംപി, കൊച്ചി കോർപ്പറേഷൻ മേയർ വി കെ മിനിമോൾ, ഡെപ്യൂട്ടി മേയർ ദീപക് ജോയ്, വാർഡ് കൗൺസിലർ കെ വി പി കൃഷ്ണകുമാർ, കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. പി എസ് പ്രമോജ് ശങ്കർ, പിഡബ്ല്യുഡി എ ഇ ഇ ബഷീർ , ബിപിസിഎൽ പ്രതിനിധി സുജിത്ത്, ജിയോജിത്ത് സിഎം ഡി സി ജെ ജോർജ്, ഹരിത മിഷൻ ജില്ലാ കോഓഡിനേറ്റർ എസ് രഞ്ജിനി, എറണാകുളം അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ എ അജിത്ത്, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments