Skip to main content
ലൈഫ് ഭവന പദ്ധതി: നിർവഹണ ഉദ്യോഗസ്ഥരെ അനുമോദിച്ചു

ലൈഫ് ഭവന പദ്ധതി: നിർവഹണ ഉദ്യോഗസ്ഥരെ അനുമോദിച്ചു

 

ലൈഫ് ഭവന പദ്ധതിയിൽ സംസ്ഥാനത്ത് അഞ്ച് ലക്ഷം വീടുകളുടെ പൂർത്തീകരണത്തിൽ പ്രധാന പങ്ക് വഹിച്ച ജില്ലയിലെ നിർവഹണ ഉദ്യോഗസ്ഥരെ അനുമോദിച്ചു. എഡിഎം കലാ ഭാസ്‌കർ ഉദ്ഘാടനം ചെയ്തു. ലൈഫ് മിഷൻ സി.ഇ.ഒ അപൂർവ്വ ത്രിപാഠി സാക്ഷ്യപ്പെടുത്തിയ അനുമോദന പത്രിക നിർവ്വഹണ ഉദ്യോഗസ്ഥർക്ക് കൈമാറി. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.എൻ അഭിലാഷ്, ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ വിനോദ് കുമാർ എംപി, സന്തോഷ് കുമാർ വി പി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 
ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട പദ്ധതിയിൽ 2017 മുതൽ ഇതുവരെ കണ്ണൂർ ജില്ലയിൽ 23408 വീടുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഇതുവരെ ആകെ 26,403 വീടുകൾ അനുവദിച്ചതിൽ ബാക്കി 2995 വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഇതിൽ ഭൂമിയുള്ള ഭവന രഹിതരും ഭൂരഹിത ഭവന രഹിതരും ഉൾപ്പെടുന്നു.
ജില്ലയിൽ ഭൂമിയുള്ള ഭവന രഹിതരിൽ 24674 പേർക്ക് വീട് അനുവദിച്ചതിൽ 21991 പേർ ഭവന നിർമ്മാണം പൂർത്തീകരിച്ചു. 2362 പേരുടെ വീട് അന്തിമ ഘട്ടത്തിലാണ്. ഭൂരഹിത ഭവന രഹിതരിൽ 1729 പേർക്ക് വീട് അനുവദിച്ചതിൽ 1417 പേർ വീട് നിർമ്മാണം പൂർത്തീകരിച്ചു. 312 പേരുടെ നിർമ്മാണം അന്തിമ ഘട്ടത്തിലുമാണ്.

date