പച്ചമലയാളം അടിസ്ഥാന കോഴ്‌സിന് 2026 മാർച്ച് 25 വരെ അപേക്ഷിക്കാം
കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിന്റെ മൂന്നാം ബാച്ചിലേക്ക് 2026-27 രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 25 വരെ കോഴ്സിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി മലയാളം പഠിക്കാൻ അവസരം ലഭിക്കാത്തവർക്കും മലയാളത്തിൽ സാമാന്യ പരിജ്ഞാനം ആഗ്രഹിക്കുന്നവരുമായ 17 വയസ്സു കഴിഞ്ഞ ആർക്കും മലയാളം പഠിക്കാൻ കഴിയുന്ന ഒരു വർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സാണ് പച്ചമലയാളം. ആറുമാസം വീതമുള്ള ഒന്നാം ഭാഗം അടിസ്ഥാന കോഴ്സ്, രണ്ടാം ഭാഗം അഡ്വാൻസ് കോഴ്സ് എന്നിങ്ങനെയാണ് പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്.
ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ നേടേണ്ട മലയാള ഭാഷാപഠനശേഷികൾ സ്വായത്തമാക്കാൻ പര്യാപ്തമായ രീതിയിലാണ് പരിഷ്‌കരിച്ച പച്ചമലയാളം കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്. സാക്ഷരതാമിഷന്റെ പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് ഒരു തുല്യതാകോഴ്സാണ്. സർക്കാർ ജീവനക്കാർക്ക് പത്താം ക്ലാസ് മലയാളപഠനം നിർബന്ധമാണ് എന്ന വസ്തുത കണക്കിലെടുത്താണ് ഈ കോഴ്സിന്റെ പരിഷ്‌കരണം. 60 മണിക്കൂർ മുഖാമുഖവും 30 മണിക്കൂർ ഓൺലൈനുമായാണ് പച്ചമലയാളം അടിസ്ഥാന കോഴ്‌സിന്റെ ക്ലാസുകൾ. അടിസ്ഥാനകോഴ്‌സിൽ വിജയിക്കുന്നവർക്ക് അഡ്വാൻസ് കോഴ്സിൽ ചേർന്ന് പഠിക്കാം. രജിസ്ട്രേഷൻ ഫീസ് 500 രൂപയും കോഴ്സ് ഫീസ് 3500 രൂപയുമാണ്. ഓൺലൈനായി അപേക്ഷിച്ചതിന്റെ ഹാർഡ് കോപ്പി രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് തുടങ്ങിയവ ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ മാർച്ച് 30 നകം ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന പ്രേരക്മാരെയോ, തൃശ്ശൂർ-ജില്ലാ പഞ്ചായത്തിൽ( അയ്യന്തോൾ) പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് :0487-2365024,9496877913
- Log in to post comments