മാടായി റെസ്റ്റ് ഹൗസ് പ്രവൃത്തി ഉദ്ഘാടനം വ്യാഴാഴ്ച
മാടായി റെസ്റ്റ് ഹൗസിന്റെ പുതിയ കെട്ടിടത്തിന്റെ
പ്രവൃത്തി ഉദ്ഘാടനം
മാർച്ച് 12 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.
മാടായി റെസ്റ്റ് ഹൗസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് നാല് കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിൻ്റെ അധീനതയിലുള്ള
നിലവിലുള്ള കെട്ടിടം സംരക്ഷിച്ചു കൊണ്ടാണ് പുതിയ കെട്ടിടം നിർമ്മിക്കുക.
നിരവധി സഞ്ചാരികൾ എത്തി ചേരുന്ന ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറ, ചൂട്ടാട്-വയലപ്ര ടൂറിസം , മലബാർ റിവർ ക്രൂയീസ് ടൂറിസം , പെറ്റ് സ്റ്റേഷൻ, മാടായിക്കാവ്, മാടായിപ്പള്ളി എന്നിവയുടെ പ്രാധാന്യം കണക്കിലെടുത്ത് ഇവിടെ എത്തിച്ചേരുന്നവർക്ക് താമസിക്കുന്നതിന് സൗകര്യം ഒരുക്കുന്നതിന് ആധുനിക രീതിയിലുള്ളതും കൂടുതൽ പേർക്ക് താമസിക്കാൻ പാകത്തിലുള്ളതുമായ
പുതിയ കെട്ടിടം നിർമ്മിക്കാൻ നടപടി സ്വീകരിച്ചതെന്ന് എം എൽ എ പറഞ്ഞു.
1055.17 ച.മീറ്റർ വിസ്താരത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ ഒരു വി.ഐ.പി. മുറി, ഒരു വി.വി.ഐ.പി. മുറി, കൂടാതെ എട്ട് സാധാരണ മുറികളും നിർമ്മിക്കും. കൂടാതെ അടുക്കള, ഡൈനിംഗ് ഏരിയ, സ്റ്റോർ റൂം, ലോബി, കെയർടേക്കർ മുറി എന്നിവയും മറ്റ് ആവശ്യ സൗകര്യങ്ങളും സജ്ജമാക്കും.
കണ്ണൂർ ജില്ലയിലെ മാടായിപ്പാറ സംസ്ഥാനത്തുടനീളം അറിയപ്പെടുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. വർഷം മുഴുവൻ നിരവധി വിനോദസഞ്ചാരികൾ ഇവിടെ സന്ദർശനം നടത്തുന്നു. അതോടൊപ്പം, ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ തിരുവട്ടൂർ കാവ് ഭഗവതി ക്ഷേത്രം (മാടായിക്കാവ്) ദർശനത്തിനായി നിരവധി തീർത്ഥാടകരും എത്തിച്ചേരുന്നു. പദ്ധതി യാഥാർത്ഥ്യമാകുന്നോടെ നിരവധി പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് യാഥാർത്ഥ്യമാകുക.
- Log in to post comments