Skip to main content

കണ്ണൂർ നിയോജക മണ്ഡലം വികസന സെമിനാർ ശനിയാഴ്ച 

 

വികസന കണ്ണൂർ നിയോജക മണ്ഡലത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്കു ദിശാബോധം നൽകാൻ ലക്ഷ്യമിട്ടുള്ള വികസന സെമിനാർ മാർച്ച് 14 ശനിയാഴ്ച രാവിലെ 10.30 മുതൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ. പി. ജയരാജൻ സെമിനാർ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി  അധ്യക്ഷത വഹിക്കും.

1600 കോടി രൂപയുടെ വികസന പദ്ധതികളാണ് കണ്ണൂർ മണ്ഡലത്തിൽ പത്ത് വർഷത്തിനിടെ നടത്തിയത്. പശ്ചാത്തല മേഖലയിൽ മാത്രം 1110 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. മണ്ഡലത്തിലെ എല്ലാ പി.ഡബ്ല്യു.ഡി റോഡുകളും മെക്കാഡം ചെയ്യുന്നതിനായി  54 കോടി രൂപ ചെലവഴിച്ചു. സംസ്ഥാനത്തെ തന്നെ എല്ലാ പി.ഡബ്യുഡി റോഡുകളും മെക്കാഡം ചെയ്യുന്ന ആദ്യ നിയോജക മണ്ഡലമാണ് കണ്ണൂർ. തദ്ദേശ റോഡുകൾ ഉന്നത നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 35 റോഡുകൾ തെരഞ്ഞെടുത്ത് പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. 10 കോടി രൂപ ഇതിനായ് അനുവദിച്ചു. അഞ്ച് പാലങ്ങൾ നിർമ്മിച്ചു. രണ്ട് പാലങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു. ഏഴ് പാലങ്ങൾക്ക് ഭരണാനുമതി ലഭിച്ചു കഴിഞ്ഞു.

നഗരത്തിലെ ഗതാഗത കുരുക്ക് ശാശ്വതമായി പരിഹരിക്കുന്നതിനും നഗരത്തിന്റെ മുഖഛായ മാറ്റുന്നതിനും സഹായിക്കുന്ന ഒന്നാണ്  748 കോടി രൂപയുടെ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി. 11 റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്  ഉയർത്തപ്പെടും. ഈ പദ്ധതിയുടെ ഭാഗമായ മേലെ ചൊവ്വ മേൽപ്പാലത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 130.87 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഏറ്റെടുത്ത സ്ഥലത്തുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്ന പ്രവൃത്തി ആരംഭിച്ചു. ചാല കട്ടിംഗ് മേൽപ്പാലം, താഴെ ചൊവ്വ സ്പിന്നിങ് മിൽ റോഡ്, തീരദേശ ഹൈവേ എന്നിവയുടെ പ്രവൃത്തിക്കും അനുമതിയായി. 

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സർക്കാർ വിദ്യാലയങ്ങളെ ഹൈടെക് നിലവാരത്തിൽ എത്തിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും സാധിച്ചു. തോട്ടട, മുണ്ടേരി ഹയർ സെക്കൻഡറി സ്‌കൂളുകൾ അന്താരാഷ്ട്ര പദവിയിലേക്ക് ഉയർത്തി. മുണ്ടേരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ തന്നെ ആരുടെയും മനം കവരും വിധത്തിലാണ് പണിതുയർത്തിയിരിക്കുന്നത്. 129 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് വിദ്യാഭ്യാസ മേഖലയിൽ ഈ മണ്ഡലത്തിൽ നടത്തിയത്.

ആരോഗ്യ മേഖലയിൽ നടത്തിയ ഇടപെടലുകളുടെ ഫലമായി  പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് യൂണിറ്റ് സംസ്ഥാനത്ത് ആദ്യം ആരംഭിച്ചത് എടക്കാട് ആറ്റടപ്പയിലാണ്. കോവിഡ് കാലത്ത് കോവിഡ് രോഗികൾക്ക് മാത്രമായി നടത്തിയ രാജ്യത്തെ തന്നെ ഏക യൂണിറ്റും ആറ്റടപ്പയിലാണ്. ജില്ലാ ഗവ. ആശുപത്രി സൂപ്പർ സ്‌പെഷാലിറ്റി തലത്തിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കാനും ഇതിനകം സാധിച്ചു. കാത്ത് ലാബ് പ്രവർത്തനം ആരംഭിക്കുന്നതിനും  പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും സാധിച്ചു. ജില്ലാ ആശുപത്രി ഉൾപ്പെടെ 100 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് നടത്തിയത്. 

ടൂറിസം, പരിസ്ഥിതി പുന:സ്ഥാപന മേഖലകളിൽ നടത്തിയ ഇടപെടലുകൾ മണ്ഡല ചരിത്രത്തിൽ തന്നെ ആദ്യത്തേതാണ്. പയ്യാമ്പലം ഗാർഡൻ, ഗസ്റ്റ് ഹൗസ് ബീച്ച്, കക്കാട് റോഡിലെ പാലക്കാട് സ്വാമിമഠം പാർക്ക്, തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിൽ ഉൽപ്പെടുത്തി ഊർപ്പഴശ്ശിക്കാവിന്റെ നടുമുറ്റം, കുളം എന്നിവ പുതുക്കി പണിയൽ പ്രവൃത്തി, കണ്ണൂർ ഗസ്റ്റ് ഹൗസ് ബിൽഡിംഗ് പുതുക്കി പണിയൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് പൂർത്തിയാക്കിയത്. അറക്കൽ കൊട്ടാരത്തിന്റെ പുനരുദ്ധാരണത്തിന് ഏഴ് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കൊട്ടാരം അധികൃതരുമായി നടക്കുന്ന ചർച്ചയിൽ   അനുകൂലമായ മറുപടി ലഭിച്ചാൽ പ്രവൃത്തി ഉടൻ ആരംഭിക്കും. കടലായി ബീച്ച് സൗന്ദര്യവൽക്കരണത്തിന് രണ്ട് കോടി, മാപ്പിളബേ ഹാർബർ സൗന്ദര്യവൽക്കരണത്തിന് മൂന്ന് കോടി എന്നിങ്ങനെ തുക അനുവദിച്ചു.

തറികളുടെ നാടായിരുന്ന കണ്ണൂരിന്റെ ഗതകാല സ്മരണകൾ ഓർത്തു വെക്കാൻ കണ്ണൂരിൽ കൈത്തറി മ്യൂസിയം ആരംഭിച്ചു. ലോക ഫോട്ടോഗ്രാഫി ആരാധകരുടെ തീർത്ഥാടന കേന്ദ്രമായി മാറുന്ന ഫോട്ടോഗ്രാഫി മ്യൂസിയം  എടക്കാട് ആരംഭിക്കുന്നതിന് ടെണ്ടർ നടപടിയായി.

കായികരംഗത്തും ഒട്ടേറെ പ്രവർത്തനങ്ങളാണ് ഏറ്റെടുത്തത്. കണ്ണൂർ കായിക സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 10 കോടി യോളം രൂപ ചെലവഴിച്ചു.  മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തികരിച്ചു. 12 കോടി രൂപ ചെലവിൽ പുതിയ സ്‌പോർട്സ് ഹോസ്റ്റൽ ഉടൻ യാഥാർഥ്യമാക്കും. ചേലോറ സ്‌കൂൾ ഗ്രൗണ്ട് ഒരു കോടി രൂപ ഉപയോഗിച്ച് നവീകരിച്ചു. തോട്ടട പോളി ഗ്രൗണ്ട് നിർമ്മാണ പ്രവൃത്തി ഉടൻ പൂർത്തിയാക്കും. തലമുണ്ട സ്റ്റേഡിയം എഴ് കോടി രൂപ ചെലവിൽ നിർമ്മിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയായി. കണ്ണൂർ ശ്രീ നാരായണ കോളേജ് ഗ്രൗണ്ട് ഒരു കോടി രൂപ ഉപയോഗിച്ച നവീകരിക്കും.

കണ്ണൂർ കോടതിക്ക് 25 കോടി ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ഒന്നാംനില കോൺക്രീറ്റ് കഴിഞ്ഞു. കൂടാതെ ജുഡീഷ്യൽ ഓഫീസർ മാർക്കുള്ള ക്വാർട്ടേർസ് നിർമ്മിക്കാൻ ഏഴ് കോടി രൂപ അനുവദിച്ചു. പഴശ്ശി ഇറിഗേഷൻ ഭൂമിയിൽ നിർമ്മിക്കുന്ന  ക്വാർട്ടേഴ്‌സ് പ്രവൃത്തി ഉടൻ തുടങ്ങും. കൂടാതെ പബ്ലിക്ക് സർവീസ് കമ്മീഷന് സ്വന്തമായി പുതിയ ഓഫീസ് നിർമ്മിക്കാൻ സംസ്ഥാനസർക്കാർ തുക അനുവദിച്ചിട്ടുണ്ട്. ഇതിനായി  അനുവദിച്ച പഴശ്ശി ഇറിഗേഷന്റെ ഭൂമിയിൽ നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കും. മുനിസിപ്പൽ കോർപ്പറേഷന് പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ 36 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണ പ്രവൃത്തി അവസാനഘട്ടത്തിലാണ്. 

നദീതട നീർത്തട പരിപാലന മാതൃകകളിലൊന്നായ കാനാമ്പുഴ പുനരുജ്ജീവനപദ്ധതിയിൽ 10 കിലോമീറ്റർ ദൈർഘ്യമുള്ള പുഴയെ മാലിന്യങ്ങൾ  നീക്കി പുനരുജ്ജീവിപ്പിക്കാൻ സാധിച്ചത് രാജ്യത്ത് തന്നെ വേറിട്ട ശ്രമങ്ങളിലൊന്നാണ്. പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കാൻ എം.എൽ.എ ഫണ്ട്, ഇറിഗേഷൻ വകുപ്പിന്റെ ഫണ്ട് നബാർഡ് ഫണ്ട് എന്നിവയാണ്  വിനിയോഗിച്ചത്. എട്ട് കോടി രൂപ ഇതിനായ് ചെലവഴിച്ചു. രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുകയും തുടർ നടപടികൾ വേഗത്തിലാക്കുകയും ചെയ്തിട്ടുണ്ടെന്നും  കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തിൽ നടത്തിയ ഇടപെടൽ പ്രവർത്തനങ്ങൾ അവലോകനത്തിന് വിധേയമാക്കി ഭാവിപ്രവർത്തന നിർദ്ദേശങ്ങൾ രൂപപ്പെടുത്തുകയാണ് സെമിനാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. 

മണ്ഡലം വികസന സമിതി കൺവീനർ എൻ ചന്ദ്രൻ. യു. ബാബു ഗോപിനാഥ് എന്നിവരും  വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

date