ഇരിങ്ങാലക്കുടയിൽ കരുതലിന്റെ വീടുകൾ സ്നേഹക്കൂട്’ മാതൃക
കൊരുമ്പിശേരിയിലെ ഗുരുവിലാസം വീട്ടിൽ സ്മിത ചന്ദ്രൻ, ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ നേരിട്ടയാളാണ്. ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ കുടുംബത്തിന്റെ മുഴുവൻ ചുമതലയും ഏറ്റെടുത്ത സ്മിതയ്ക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ഏറെക്കാലമായി സാക്ഷാത്കരിക്കാനായിരുന്നില്ല. രണ്ട് മക്കളുമായി ഏറെ ബുദ്ധിമുട്ടുകൾ സഹിച്ച് ജീവിച്ചിരുന്ന സ്മിതയ്ക്ക് ഇപ്പോൾ സുരക്ഷിതമായ ഒരു വീടിന്റെ ആശ്വാസം ലഭിച്ചു. സ്നേഹക്കൂട് പദ്ധതിയിലൂടെ ആദ്യമായി വീട് ലഭിച്ചതോടെ ഇനി ഭയമില്ലാതെ ഉറങ്ങാമെന്ന ആത്മവിശ്വാസമാണ് സ്മിതയുടെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നത്. ഇതുപോലെ ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഒരുപാട് ആളുകളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകുകയാണ് സ്നേഹക്കൂട് പദ്ധതിയിലൂടെ...
സഹജീവിസ്നേഹത്തിന്റെയും കൂട്ടായ്‌മയുടെയും തിളക്കമാർന്ന ഉദാഹരണമായി മാറുകയാണ് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഉന്നതവിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘സ്നേഹക്കൂട്’ ഭവനനിർമ്മാണ പദ്ധതി. മണ്ഡലത്തിൽ ഭവന രഹിതർ ഉണ്ടാകരുതെന്ന മന്ത്രിയുടെ ദൃഢ നിശ്ചയത്തിന്റെ ഭാഗമായി 2023 ലാണ് പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാനത്തെ വിവിധ ഭവനപദ്ധതികളിൽ സാങ്കേതിക കാരണങ്ങളാൽ ഉൾപ്പെടാതെ പോയ കുടുംബങ്ങൾക്ക് സുരക്ഷിതമായ ഒരു വീടെന്ന സ്വപ്‍നം സാക്ഷാത്കരിക്കുകയാണ് ഈ പദ്ധതിയിലൂടെ.
ഇരിങ്ങാലക്കുട മണ്ഡലത്തിലെ പത്ത് കുടുംബങ്ങൾക്ക് അവരുടെ സുരക്ഷിത ഭവനം സാക്ഷാത്കരിക്കാൻ ആവുമെന്ന പ്രതീക്ഷയിൽ തുടങ്ങിയ ഈ പദ്ധതിയിലൂടെ ഇതിനകം ഏഴ് വീടുകളുടെ താക്കോൽ കൈമാറ്റം നടന്നു. ബാക്കിയുള്ളവയുടെ നിർമാണം പുരോഗമിക്കുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവീസ് സ്കീമിലെ (എൻ.എസ്.എസ്) വിവിധ യൂണിറ്റുകളും സുമനസ്സുകളും ചേർന്നാണ് വീടുകൾ നിർമിച്ചത്.
ഭിന്നശേഷിക്കാർ, നിരാലംബർ, വിധവകൾ എന്നിവർക്കാണ് പദ്ധതിയിൽ മുൻഗണന. സന്നദ്ധസംഘടനകളും പൊതുജനങ്ങളും കൈകോർക്കുമ്പോൾ സ്വപ്നങ്ങൾ എത്ര വേഗം യാഥാർത്ഥ്യമാകുമെന്നതിനുദാഹരണമാണ് ‘സ്നേഹക്കൂട്’പദ്ധതി.
ജീവിതത്തിൽ പലവിധ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്നം പാതിവഴിയിൽ നഷ്ടപ്പെട്ടവർക്കും പുതിയ പ്രതീക്ഷയാണ് ‘സ്നേഹക്കൂട്’. ഈ പദ്ധതിയിലൂടെ കൊരുമ്പിശ്ശേരിയിലെ ഗുരുവിലാസം വീട്ടിൽ സ്മിത, ആനന്ദപുരത്തെ മുല്ലശ്ശേരി വീട്ടിൽ നിഷ, കാട്ടുങ്ങച്ചിറയിലെ കുന്നപ്പശ്ശേരി വീട്ടിൽ അഞ്ജു സി എ, നടവരമ്പിലെ കണ്ണൂക്കാരൻ വീട്ടിൽ സജിനി സുരേന്ദ്രൻ, ആളൂരിലെ അനന്തകാട്ടുപറമ്പിൽ വീട്ടിൽ റസീയ സുൽത്താൻ, കാട്ടൂരിലെ തിയ്യത്ത്പറമ്പ് വീട്ടിൽ ഷൈലജ, പൂമംഗലം പഞ്ചായത്തിലെ വളർത്തുപറമ്പിൽ വീട്ടിൽ പ്രകാശൻ എന്നിവരുടെ ജീവിതത്തിലേക്കാണ് ‘സ്നേഹക്കൂട്’ ഒരു സുരക്ഷിതത്വത്തിന്റെ പുതിയ അധ്യായം തുറന്നത്.
വേളൂക്കര പഞ്ചായത്തിലെ മേക്കാട്ട് പറമ്പിൽ വീട്ടിൽ റാണി ഷിബുവിനും രണ്ട് മക്കൾക്കും വീടെന്ന സ്വപ്നം പൂവണിയാൻ പോവുകയാണ്. മണ്ഡലത്തിലെ ഏട്ടാമത്തെ വീടാണ് നിർമിക്കാൻ പോകുന്നത്. ക്യാൻസർ ബാധിച്ച് അഞ്ച് വർഷം മുൻപ് ഭർത്താവിനെനഷ്ടപ്പെട്ടതോടെ ജീവിതം ഏറെ കഠിനമായി മാറിയിരുന്നു. സ്വന്തമായി ഒരു സുരക്ഷിത വീട് എന്ന സ്വപ്നം ഏറെകാലമായി അവളുടെ മനസിൽ മാത്രം നിന്നിരുന്നു. എന്നാൽ ഇപ്പോൾ ആ സ്വപ്നത്തിന് രൂപം കിട്ടുകയാണ്. സെന്റ് ജോസഫ് കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന വീടിന്റെ കട്ടിലവെപ്പ് ചടങ്ങ് മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. ഇതോടെ മണ്ഡലത്തിൽ സ്വന്തം വീടില്ലാത്തവർക്ക് സുരക്ഷിതത്വവും ആത്മവിശ്വാസവും നിറഞ്ഞൊരു പുതിയ ജീവിതത്തിന്റെ വാതിൽ തുറന്ന് നൽകുകയാണ്.മണ്ഡലത്തിൽ ഇനിയും സുരക്ഷിതത്വത്തിന്റെ സ്നേഹക്കൂടുകൾ ഒരുക്കുകയാണ് മന്ത്രിയും കൂട്ടരും.
- Log in to post comments