തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി
നിയമസഭാ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലഘുലേഖകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ അച്ചടിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉത്തരവിട്ടു. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 127 എ പ്രകാരമാണ് ഈ നടപടി. ഇതുമായി ബന്ധപ്പെട്ട് അച്ചടിശാല ഉടമകളുടെയും പ്രസാധകരുടെയും യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേംബറില്‍ ചേര്‍ന്നു.
അച്ചടി സ്ഥാപനങ്ങള്‍ പാലിക്കേണ്ട പ്രധാന നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നവയാണ്:
എല്ലാ പ്രചാരണ സാമഗ്രികളിലും അച്ചടിക്കുന്നയാളുടെയും പ്രസിദ്ധീകരിക്കുന്നയാളുടെയും പേരും വിലാസവും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
ലഘുലേഖകളോ പോസ്റ്ററുകളോ അച്ചടിക്കുന്നതിന് മുന്‍പ് പ്രസിദ്ധീകരിക്കുന്നയാള്‍ രണ്ട് സാക്ഷികള്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം പ്രിന്റര്‍ക്ക് നല്‍കണം.
അച്ചടി കഴിഞ്ഞ് നിശ്ചിത സമയത്തിനകം സത്യവാങ്മൂലത്തിന്റെ പകര്‍പ്പും അച്ചടിച്ച രേഖയുടെ പകര്‍പ്പും ജില്ലാ മജിസ്‌ട്രേറ്റിന് നല്‍കണം.
ഇത്തരത്തിലുള്ള പരസ്യങ്ങള്‍ക്കായി ചെലവാക്കുന്ന തുക സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തും.
നിരോധിത വസ്തുക്കള്‍ ഉപയോഗിച്ച് പോസ്റ്റര്‍, ബാനര്‍, ബോര്‍ഡുകള്‍, മറ്റു പ്രചാരണ ഉപാധികള്‍ എന്നിവ തയ്യാറാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
ഈ നിയമനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ആറ് മാസം വരെ തടവോ രണ്ടായിരം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്ന് ഉത്തരവിലുണ്ട്. ജാതി, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിദ്വേഷ പ്രചാരണങ്ങള്‍ തടയുന്നതിനും സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികള്‍.
തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ വിഭാഗം നോഡല്‍ ഓഫീസറായി സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ യു.വി. പ്രസീതയെയും മീഡിയ നോഡല്‍ ഓഫീസറായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തരമായി പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാന്‍ നോഡല്‍ ഓഫീസര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
- Log in to post comments