Skip to main content

തിരഞ്ഞെടുപ്പ് പ്രചാരണം: ഹരിതചട്ടം ഉറപ്പാക്കാന്‍ കര്‍ശന പരിശോധന

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഹരിതചട്ടം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സൈന്‍ പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ വ്യാപക പരിശോധന. പ്രചാരണ സാമഗ്രികളില്‍ നിരോധിത വസ്തുക്കളുടെ ഉപയോഗം തടയാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടി. ജില്ലാതല എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡും തദ്ദേശ സ്ഥാപനങ്ങളിലെ ഹെല്‍ത്ത് സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗീകരിച്ച നൂറ് ശതമാനം പുനചംക്രമണം ചെയ്യാവുന്ന പോളീഎത്തിലീന്‍, കോട്ടണ്‍ തുണി എന്നിവ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാവൂ എന്ന നിര്‍ദ്ദേശം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
നിരോധിത വസ്തുക്കളായ പി.വി.സി, പോളിസ്റ്റര്‍, കൊറിയന്‍ ക്ലോത്ത് എന്നിവ വില്‍ക്കുന്നതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്ന് 50,000 രൂപ വരെ പിഴ ഈടാക്കുമെന്നും ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് മുന്നറിയിപ്പ് നല്‍കി.

 
 

date