തിരഞ്ഞെടുപ്പ്: ജില്ല കര്‍ശന നിരീക്ഷണത്തില്‍
വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കര്‍ശനനിരീക്ഷണം ഏര്‍പ്പെടുത്തിയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. വോട്ടെടുപ്പിന് മുന്നോടിയായുള്ള അവസാന 72 മണിക്കൂറുകളില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് തടയാന്‍ കര്‍ശനനടപടികളുണ്ടാകും. എല്ലാ വരണാധികാരികള്‍ക്കും പൊലീസിനും വകുപ്പ് തലവന്മാര്‍ക്കും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
സ്ഥാനാര്‍ത്ഥികളോ അവര്‍ക്ക് വേണ്ടി മറ്റാരെങ്കിലുമോ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണമോ സമ്മാനങ്ങളോ ഇതര വസ്തുക്കളോ വാഗ്ദാനം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ വരണാധികാരികള്‍ക്കും പൊലീസ്, എക്‌സൈസ് വിഭാഗങ്ങള്‍ക്കും വിവിധ സ്‌ക്വാഡുകള്‍ക്കുമാണ് ചുമതല.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. സൗജന്യ ഭക്ഷണം, മദ്യവിതരണം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നാല്‍ വേഗത്തില്‍ പരിശോധിക്കും. അനധികൃതമായി പണം, സമ്മാനങ്ങള്‍, മദ്യം എന്നിവ കൈമാറുന്നത് തടയാന്‍ ജില്ലാ-സംസ്ഥാന അതിര്‍ത്തികളില്‍ പൊലീസ് പരിശോധന കൂടുതല്‍ ശക്തമാക്കും. എക്‌സൈസ് വിഭാഗവും പങ്കാളികളാകും. പരാതികള്‍ ലഭിച്ചാല്‍ ഫ്‌ളയിങ് സ്‌ക്വാഡുകള്‍ ഉടന്‍ സ്ഥലത്തെത്തും. സ്‌ക്വാഡുകള്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ തൊട്ടടുത്തുള്ള സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമിനോ പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കാം. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കാന്‍ രൂപീകരിച്ചിട്ടുള്ള എല്ലാ സ്‌ക്വാഡുകളും മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സി-വിജില്‍ ആപ്പ് വഴി ലഭിക്കുന്ന പരാതികളില്‍ നിശ്ചിത സമയത്തിനുള്ളില്‍ തന്നെ പരിഹാരം കാണുകയുമാണ്.
പരസ്യപ്രചാരണം അവസാനിക്കുന്നതോടെ മണ്ഡലത്തിലെ വോട്ടര്‍മാരല്ലാത്ത പുറത്തുനിന്നുള്ള രാഷ്ട്രീയപ്രവര്‍ത്തകരും സമാനനിലയിലുള്ളവരും മണ്ഡലം വിട്ടുപോയെന്ന് ഉറപ്പാക്കും. ഇതിനായി ലോഡ്ജുകള്‍, ഗസ്റ്റ് ഹൗസുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവിടങ്ങളില്‍ വരണാധികാരികളുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തും.
ടെലിവിഷന്‍, റേഡിയോ, മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങള്‍ എന്നിവയിലൂടെ വോട്ടെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതൊന്നിനും അനുവാദമില്ല. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കും കര്‍ശന നിരോധനമുണ്ട് എന്നും വ്യക്തമാക്കി.
- Log in to post comments