Skip to main content

നിയമസഭ തിരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തേണ്ടതെങ്ങനെ പോളിങ് ബൂത്തിലെ നടപടിക്രമങ്ങള്‍

 

 

നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തുകളിലെ ക്യൂവില്‍ നില്‍ക്കുന്നത് മുതല്‍ വോട്ട് രേഖപ്പെടുത്തുന്നത് വരെയുള്ള നടപടിക്രമങ്ങള്‍ സുതാര്യവും ലളിതവുമാണ്. വോട്ടിങിന്റെ പ്രധാന ഘട്ടങ്ങളില്‍ ആദ്യം തിരിച്ചറിയല്‍ പരിശോധനയാണ്. സമ്മതിദായകര്‍ ക്യൂവില്‍ നിന്നും പോളിങ് ബൂത്തില്‍ പ്രവേശിക്കുമ്പോള്‍ ഫസ്റ്റ് പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ പേരും വോട്ടറുടെ തിരിച്ചറിയല്‍ രേഖയും പരിശോധിച്ച് ഉറപ്പുവരുത്തും. പരിശോധനയ്ക്ക് ശേഷം രണ്ടാം പോളിങ് ഓഫീസര്‍ സമ്മതിദായകരുടെ വിവരങ്ങള്‍ രേഖപ്പെടുത്തി ഒപ്പ് വാങ്ങി വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടി വോട്ട് രേഖപ്പെടുത്താനുള്ള സ്ലിപ്പ് നല്‍കും. മൂന്നാമത്തെ പോളിങ് ഓഫീസര്‍ വോട്ടറില്‍ നിന്ന് സ്ലിപ്പ് സ്വീകരിച്ച് വിരലിലെ മഷി അടയാളം ഒരിക്കല്‍ കൂടി പരിശോധിക്കും.

 

 വോട്ടിങ് കമ്പാര്‍ട്ട്‌മെന്റില്‍ പ്രവേശിക്കുന്ന വോട്ടര്‍ക്ക്  താല്‍പ്പര്യപ്പെടുന്ന സ്ഥാനാര്‍ത്ഥിക്കോ 'നോട്ട'ക്കോ (NOTA) വോട്ട് രേഖപ്പെടുത്താം. വിവിപാറ്റ്  മെഷീനിലൂടെ ( Voter Verifiable Paper Audit Trial )   വോട്ടര്‍ക്ക് വോട്ട് രേഖപ്പെടുത്തിയതാര്‍ക്കെന്ന് സ്വയം ഉറപ്പ് വരുത്താനാകും. സ്ഥാനാര്‍ത്ഥികളിലാര്‍ക്കും വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ വോട്ടര്‍ക്ക് നോട്ട ( NOTA - None Of The Above    )  തിരഞ്ഞെടുക്കാം. സ്ഥാനാര്‍ത്ഥികളുടെ പേര് കഴിഞ്ഞാല്‍ വരുന്ന അടുത്ത ബട്ടനാണ് നോട്ട. സാധാരണ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും മാത്രമാണുള്ളത്. നിലവില്‍ വോട്ട് ചെയ്യുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം വിവിപാറ്റ് പ്രിന്ററും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ബാലറ്റ് യൂണിറ്റിന്റെ  സമീപമാണ് വി.വി.പാറ്റ് മെഷീനുകള്‍ സ്ഥാപിക്കുക. ബാലറ്റ് യൂണിറ്റില്‍ വോട്ടിങ് ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ തെര്‍മല്‍ പേപ്പറില്‍ പുറത്തുവരുന്ന പ്രിന്റൗട്ട് വോട്ടര്‍ക്ക് കാണാം. ഇതില്‍ സീരിയല്‍ നമ്പര്‍, പേര്, വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പ് ചിഹ്നം എന്നിവയുണ്ടാകും.

 

വോട്ട് ചെയ്തയാളുടെ വിവരങ്ങള്‍ പേപ്പറില്‍ ഉണ്ടാവില്ല. ഏഴു സെക്കന്റ് നേരം സ്ലിപ്പ് പരിശോധിക്കാന്‍ വോട്ടര്‍ക്ക് സമയം ലഭിക്കും. എട്ടാം സെക്കന്റില്‍ സ്ലിപ്പ് സ്വയം മുറിഞ്ഞ് ബാലറ്റ് പെട്ടിയില്‍ വീഴും. സ്ലിപ്പ് വോട്ടര്‍ക്ക് ലഭിക്കില്ല. വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ വോട്ടിങ് യന്ത്രത്തോടൊപ്പം ഈ സ്ലിപ്പുകള്‍ അടങ്ങിയ ബാലറ്റ് പെട്ടിയും സീല്‍ ചെയ്ത് സൂക്ഷിക്കും. വോട്ടിങ് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാന പ്രകാരം വിവിപാറ്റില്‍ നിന്ന് സ്ലിപ്പ് എണ്ണി വിജയിയെ സ്ഥിരീകരിക്കാമെന്നതും വി വി പാറ്റിന്റെ നേട്ടങ്ങളില്‍ പ്രധാനമാണ്.

 

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി പോളിങ് ബൂത്തിനകത്തേക്ക് മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല. വോട്ടര്‍മാരുടെ സൗകര്യാര്‍ത്ഥം ഫോണുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പോളിങ്ങ് ബൂത്തിന് പുറത്ത് പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

 

date