നിയമസഭാ തെരഞ്ഞെടുപ്പ് 2026; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ജില്ല തിരഞ്ഞെടുപ്പിന് സജ്ജം: ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്
ഏപ്രില്‍ ഒന്‍പതിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ല സജ്ജമാണ്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അഞ്ച് വരണാധികാരികള്‍, ഉപ വരണാധി കാരികള്‍, 23 വിവിധ നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ഏപ്രില്‍ ഒന്‍പതിന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 5.30ന് മോക്പോള്‍ ആരംഭിക്കും. പോളിങ് ദിനത്തില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ആണ്. നിലവില്‍ ആറ് വി.എഫ്.സികള്‍ പോസ്റ്റല്‍ വോട്ട് ചെയ്യാനുണ്ട്. തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന ദിവസം കൂടുതല്‍ വി.എഫ്.സി കള്‍ സജ്ജീകരിക്കുമെന്നും ജില്ലയിലെ മുഴുവന്‍ ആളുകളും തിരഞ്ഞെടുപ്പ പ്രക്രിയയയില്‍ പങ്കാളികളായി വോട്ട് രേഖപ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന വാര്‍ത്താമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്.
പോളിംഗ് ബൂത്തുകളില്‍ മൊബൈല്‍ അനുവദനീയമല്ലാത്തതിനാല്‍ എല്ലാ ബൂത്തുകളിലും മൊബൈല്‍ വെക്കാനുള്ള പൗച്ചുകള്‍ ക്രമീകരിക്കും ബൂത്തിനുള്ളിലും പുറത്തും ക്യാമറയോടു കൂടിയ വെബ്കാസ്റ്റിംഗ് സംവിധാനം ആണ് ഉണ്ടാവുക. സ്ത്രീകള്‍ മാത്രം പോളിങ് ഉദ്യോഗസ്ഥരായിട്ടുള്ള അഞ്ച് പിങ്ക് ബൂത്തുകളും ഒരു ഭിന്നശേഷി സൗഹൃദ ബൂത്തും ജില്ലയില്‍ ഉണ്ട്. 20% റിസേര്വോടെ 5504 പോളിംഗ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്. ഇതില്‍ 60% സ്ത്രീകളാണ്. ജില്ലയില്‍ 116 സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ജില്ലയില്‍ ആകെ 11,03,618 വോട്ടര്‍മാര്‍
5,44,543 പുരുഷന്മാര്, 5,59,063 സ്ത്രീകള്‍, 12 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍
കാസര്‍കോട് ജില്ലയില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലായി ആകെ 11,03,618 വോട്ടര്‍മാരുണ്ട്. ഇതില്‍ 5,44,543പുരുഷന്മാരും 5,59,063 സ്ത്രീകളും 12 ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടുന്നു. ജില്ലയില്‍ 1146 പോളിങ് സ്റ്റേഷനുകളാണുള്ളത്.
നിയമ സഭാ മണ്ഡലം തിരിച്ച് - പുരുഷന്മാര്, സ്ത്രീകള്‍, ട്രാന്‍സ് ജെന്‍ഡര്‍ ആകെ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍
മഞ്ചേശ്വരം 115801 114312 0 230113
കാസര്‍കോട് 105524 105399 0 210923
ഉദുമ 112166 116342 4 228512
കാഞ്ഞങ്ങാട് 109008 114966 6 223980
തൃക്കരിപ്പൂര്‍ 102044 108044 2 210090
ജില്ലയില്‍ 32 സ്ഥാനാര്‍ത്ഥികള്‍
ജില്ലയില്‍ വിവിധ മണ്ഡലങ്ങളിലേക്കായി മത്സര രംഗത്തുള്ളത് 32 സ്ഥാനാര്‍ത്ഥികള്‍. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മഞ്ചേശ്വരം മണ്ഡലത്തില്‍. കുറവ് സ്ഥാനാര്‍ത്ഥികള്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍.
മഞ്ചേശ്വരം മണ്ഡലത്തില്‍ 11 സ്ഥാനാര്‍ത്ഥികള്‍, കാസര്‍കോട് മണ്ഡലത്തില്‍ അഞ്ച് സ്ഥാനാര്‍ത്ഥികള്‍, ഉദുമ മണ്ഡലത്തില്‍ ആറ് സ്ഥാനാര്‍ത്ഥികള്‍, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നാല് സ്ഥാനാര്‍ത്ഥികള്‍,
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ആറ് സ്ഥാനാര്‍ത്ഥികള്‍.
ജില്ലയിലാകെ 1992 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു
പോളിംഗ് ദിനത്തിന് 72 മണിക്കൂര്‍ സമയത്ത് അതീവ ജാഗ്രത പാലിച്ചാണ് പോലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. അനിഷ്ട സംഭവങ്ങളില്‍ പ്രതികരിക്കുന്നതിന് ക്വിക്ക് റെസ്പോണ്‍സ് സ്കീം പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലാകെ 1992 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ആംഡ് ഫോഴ്സ് കമ്പനി ജില്ലയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അവരുടെ 780 ഉദ്യോഗസ്ഥരെ വിനിയോഗിക്കുന്നുണ്ട്. കൂടാതെ കേന്ദ്ര സേനയും ബി.എസ്.എഫ് കമ്പനിയും അടക്കം 16 കമ്പനി ജില്ലയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ വിവിധ പ്രദേശങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തിയിട്ടുണ്ട്.
98.11 ശതമാനം പോളിങ്ങോടെ ജില്ലയില്‍ വീട്ടില്‍ വോട്ട് പൂര്‍ത്തിയായി; വീട്ടില്‍ വോട്ട് ചെയ്തത് 6679 പേര്
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ വോട്ടെടുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തുന്ന 'വീട്ടിലെ വോട്ട് 'സേവനം പൂര്‍ത്തിയായി. ജില്ലയില്‍ വീട്ടില്‍ വോട്ട് ചെയ്തത് 6679 പേര്. 98.11 % പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് വീട്ടില്‍നിന്ന് വോട്ട് രേഖപ്പെടുത്താന്‍ അവസരം. ജില്ലയില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 3189 വോട്ടര്‍മാരും ഭിന്നശേഷിക്കാരായ 3490 വോട്ടര്‍മാരും വീട്ടില്‍ വോട്ട് ചെയ്തു.
മഞ്ചേശ്വരത്ത് നിയോജക മണ്ഡലത്തില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 341 പേരും ഭിന്നശേഷിക്കാരായ 642 പേരും വീട്ടില്‍ വോട്ട് ചെയ്തു. കാസര്‍കോട് നിയോജക മണ്ഡലത്തില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 344 പേരും ഭിന്നശേഷിക്കാരായ 540 പേരും ഉദുമ നിയോജക മണ്ഡലത്തില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 648 പേരും ഭിന്നശേഷിക്കാരായ 879 പേരും വീട്ടില്‍ വോട്ട് ചെയ്തു. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 923 പേരും ഭിന്നശേഷിക്കാരായ 718 പേരും വീട്ടില്‍ വോട്ട് ചെയ്തു. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 933 പേരും ഭിന്നശേഷിക്കാരായ 711 പേരും വീട്ടില്‍ വോട്ട് ചെയ്തു.
രണ്ട് പോളിങ് ഉദ്യോഗസ്ഥര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, വീഡിയോഗ്രാഫര്‍, പൊലീസ് ഉദ്യോഗസ്ഥന്, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന സംഘമാണ് വീട്ടില്‍ വോട്ടിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളിലെത്തുന്നത്. റാന്ഡമൈസേഷന് നടത്തിയാണ് പോളിംഗ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. ഇതിനായി കാഞ്ഞങ്ങാടും തൃക്കരിപ്പൂരും 30 വീതവും ഉദുമയില്‍ 28 ഉം, കാസര്‍കോട് , മഞ്ചേശ്വരം മണ്ഡലങ്ങളില്‍ 17 വീതവും പോളിങ് സംഘങ്ങളെയാണ് നിയോഗിച്ചത്. 85 വയസ്സ് കഴിഞ്ഞ 3281 പേര്‍ക്കും ഭിന്നശേഷിക്കാരായ 3529 പേര്‍ക്കുമാണ് ജില്ലയില്‍ വീട്ടില്‍ വോട്ട് അനുവദിച്ചത്. മരണപ്പെട്ടവര്‍, സ്ഥലം മാറ്റം, മറ്റ് അസൗകര്യങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ ചില വോട്ടര്‍മാര്‍ക്ക് വീട്ടില്‍ വോട്ട് സേവനം പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ല.
സി വിജില്‍ കണ്ട്രോള് റൂമില്‍ ഇതുവരെ ലഭിച്ചത് 1094 പരാതികള്‍
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സി വിജില്‍ കണ്ട്രോള് റൂമില്‍ ഇതുവരെ (ഏപ്രില്‍ ഏഴ് രാവിലെ 11.30 വരെ) ലഭിച്ചത് 1094 പരാതികള്‍. മുഴുവന്‍ പരാതികളും പരിഹരിച്ചു. കൂടുതല്‍ പരാതികളും സ്വയമേധയാ എടുത്തവയാണ്. മാതൃകാ പെരുമാറ്റച്ചട്ടം, തിരഞ്ഞെടുപ്പ് ചിലവ് എന്നിവയുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് സി വിജില്‍ കണ്ട്രോള് റൂം കൈകാര്യം ചെയ്യുക. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള 30 ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സി വിജില്‍ കണ്ട്രോള് റൂമില്‍ ലഭ്യമാകുന്നുണ്ട്.
പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് (ഏപ്രില്‍ എട്ടിന്)
വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് (ഏപ്രില്‍ എട്ടിന്) രാവിലെ എട്ട് മുതല്‍ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ വിതരണ - സ്വീകരണ കേന്ദ്രങ്ങളില്‍ ആരംഭിക്കും. 1146 വോട്ടിങ്-വി.വി. പാറ്റ് യന്ത്രങ്ങളാണ് വോട്ടെടുപ്പിന് ആവശ്യമുള്ളത്. 20% കൂടുതല്‍ ബാലറ്റ്- കണ്ട്രോള് യൂണിറ്റുകളും (228) 30% കൂടുതല്‍ വിവിപാറ്റുകളും (342) റിസര്‍വായി വേണ്ടി വരും. 1426 ബാലറ്റ് യൂണിറ്റുകളും 1426 കണ്ട്രോള് യൂണിറ്റുകളും 1538 വിവിപാറ്റ് യൂണിറ്റുകളും ജില്ലയില്‍ പ്രവര്‍ത്തന സജ്ജമാണ്.
പോളിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങള്‍
മഞ്ചേശ്വരം- ഗവ. കോളേജ് കാസര്‍കോട്
കാസര്‍കോട്- ഗവ. കോളേജ് കാസര്‍കോട്
ഉദുമ - തന്ബീഹുല് ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്കൂള്‍
കാഞ്ഞങ്ങാട്- ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കാഞ്ഞങ്ങാട്
തൃക്കരിപ്പൂര്‍- ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കാഞ്ഞങ്ങാട്
1146 ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കി
നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ല സജ്ജം. ജില്ലയിലാകെ അഞ്ച് ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെയുള്ള 1146 പോളിംഗ് ബൂത്തുകളിലും വോട്ടെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാ ഭരണകൂടവും തിരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.
ഓരോ ബൂത്തിലും വോട്ടെടുപ്പിന് ആവശ്യമായ സാമഗ്രികള്‍ എത്തിച്ചതിന് പുറമെ, വോട്ടര്‍മാരെ സഹായിക്കുന്നതിനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ (ബി.എല്‍.ഒ) പ്രത്യേക ഹെല്‍പ്പ് ഡെസ്ക്കുകളും സജ്ജീകരിച്ചിട്ടുണ്ട്. റാംപ് സൗകര്യം, തടസ്സമില്ലാത്ത വൈദ്യുതി, കുടിവെള്ളം, അമ്മമാര്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതിനുള്ള ഫീഡിംഗ് മുറികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്.
ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക പരിഗണന
ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് മികച്ച സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. വീല്‍ചെയര്‍ സൗകര്യവും, വോട്ടെടുപ്പ് പ്രക്രിയകളില്‍ സഹായിക്കുന്നതിനായി ഓരോ ബൂത്തിലും പ്രത്യേക ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ, ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ എത്തുന്ന കന്നിവോട്ടര്‍മാരെ മധുരം നല്കി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഭക്ഷണത്തിന് കുടുംബശ്രീ
തിരഞ്ഞെടുപ്പ് നടപടികള്‍ വേഗത്തിലാക്കാനും ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ നല്കുന്നതിനുമായി വളണ്ടിയേഴ്സിന്റെ സേവനവും പോളിംഗ് ബൂത്തുകളില്‍ ലഭ്യമാക്കും. ഡ്യൂട്ടിയിലുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ഭക്ഷണ സൗകര്യങ്ങള്‍ എല്ലാ ബൂത്തുകളിലും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
പൂര്‍ണ്ണമായും 'ഹരിത തിരഞ്ഞെടുപ്പ്'
പരിസ്ഥിതി സംരക്ഷണത്തിന് ഏറെ മുന്‍ഗണന നല്‍കിക്കൊണ്ട് പൂര്‍ണ്ണമായും ഹരിതച്ചട്ടം (Green Protocol) പാലിച്ചാണ് ജില്ലയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഓരോ മാതൃകാ ഹരിത പോളിംഗ് ബൂത്തുകള്‍ വീതം സജ്ജീകരിക്കും. മാലിന്യരഹിത തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി ജില്ലയിലെ 1146 ബൂത്തുകളിലായി ഹരിതകര്‍മ്മ സേനയുടെ 1500 ഓളം അംഗങ്ങളെയാണ് വിന്യസിച്ചിട്ടുള്ളത്.
മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്
ജില്ലയില്‍ 1146 ബൂത്തുകളാണുള്ളത്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ് സജ്ജമാക്കും. ഏപ്രില്‍ ഒന്‍പതിന് രാവിലെ മോക്പോള്‍ ആരംഭിക്കുന്നതു മുതല്‍ പോളിങ് അവസാനിച്ച് വോട്ടിങ് യന്ത്രങ്ങള്‍ പെട്ടിയിലാക്കുന്നതുവരെയുള്ള പോളിംഗ് ബൂത്തുകളിലെ നടപടികള്‍ കളക്ടറേറ്റിലെ കണ്ട്രോള് റൂമിലൂടെ തത്സമയം വീക്ഷിക്കും.
ജില്ലാതലത്തില്‍ ആകെ 238 ക്രിട്ടിക്കല്‍ ബൂത്തുകള്‍
ക്രിട്ടിക്കല്‍ ബൂത്തുകള്‍ മണ്ഡലം തിരിച്ച്
മഞ്ചേശ്വരം 36
കാസര്‍കോട് 57
ഉദുമ 34
കാഞ്ഞങ്ങാട് 45
തൃക്കരിപ്പൂര്‍ 66
ജില്ലയിലെ 268 ക്രിട്ടിക്കല്‍ ബൂത്തുകളിലും സുരക്ഷാ ശക്തമാക്കും. കേന്ദ്രസേനകളായ ബി.എസ്.എഫ്, സി ഐ.എസ്.എഫ്, തമിഴ്നാട് സ്പെഷ്യല്‍ പോലീസ്, മഹാരാഷ്ട്ര സ്പെഷ്യല്‍ പോലീസ്, എസ്.എസ്.ബി എന്നീ ഫോഴ്സുകളുടെ സേവനം ജില്ലയിലുണ്ട്. 171 മൈക്രൊ ഒബ്സര്‍വര്‍മാര്‍ ക്രിട്ടിക്കല്‍ ബൂത്തുകള്‍ നിരീക്ഷിക്കും.
സ്ട്രോങ് റൂമുകള്‍
കാസര്‍കോട്- കാസര്‍കോട് ഗവ:കോളേജ്
മഞ്ചേശ്വരം- കാസര്‍കോട് ഗവ:കോളേജ്
ഉദുമ- കാസര്‍കോട് ഗവ:കോളേജ്
കാഞ്ഞങ്ങാട്- ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്കൂള്‍
തൃക്കരിപ്പൂര്‍- ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്കൂള്‍
ജില്ലയില്‍ മാതൃകാ പോളിംഗ് ബൂത്തുകളും വനിതാ-ഭിന്നശേഷി ബൂത്തുകളും സജ്ജം
2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രത്യേക പോളിംഗ് സ്റ്റേഷനുകള്‍ ഒരുങ്ങി. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായാണ് വോട്ടര്‍മാര്‍ക്ക് മികച്ച സൗകര്യങ്ങളോടെ മാതൃകാ പോളിംഗ് സ്റ്റേഷനുകളും സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പൂര്‍ണ്ണമായും നിയന്ത്രിക്കാനാകുന്ന പ്രത്യേക ബൂത്തുകളും സജ്ജമാക്കുന്നത്.
ജില്ലയില്‍ അഞ്ച് മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍
വോട്ടര്‍മാര്‍ക്ക് മികച്ച പോളിംഗ് അനുഭവം നല്‍കുന്നതിനായി അഞ്ച് മാതൃകാ പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തില്‍ പൈവളിഗെ നഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കാസര്‍കോട് മണ്ഡലത്തില്‍ വിദ്യാഗിരി എസ്.എ.ബി.എം പഞ്ചായത്ത് യു.പി സ്കൂള്‍, ഉദുമ മണ്ഡലത്തില്‍ ബാരെ ജി.ഡബ്ല്യു എല്‍.പി സ്കൂള്‍, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ രാവണേശ്വരം ജി.എച്ച്.എസ്.എസ്, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നീലേശ്വരം ഗവ. എല്‍.പി സ്കൂള്‍ എന്നിവയാണ് മാതൃകാ പോളിങ് സ്റ്റേഷനുകള്‍.
ഭിന്നശേഷി ബൂത്തുകള്‍
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പിക്കുന്നതിനായി പൂര്‍ണ്ണമായും ഭിന്നശേഷിക്കാര്‍ നിയന്ത്രിക്കുന്ന പോളിംഗ് സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്. ഈ പോളിംഗ് ബൂത്തുകളിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ഭിന്നശേഷിക്കാര്‍ ആയിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മൂന്നാം നമ്പര്‍ ബൂത്ത് ഭിന്നശേഷി സൗഹൃദ ബൂത്താണ്.
വനിതാ ബൂത്തുകളും
വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി ജില്ലയില്‍ അഞ്ച് ബൂത്തുകളുടെ പൂര്‍ണ്ണ നിയന്ത്രണം വനിതകള്‍ക്കായിരിക്കും. മഞ്ചേശ്വരം മണ്ഡലത്തില്‍ കുമ്പള ഹോളി ഫാമിലി എയ്ഡഡ് സീനിയര്‍ ബേസിക് സ്കൂള്‍, കാസര്‍കോട് മണ്ഡലത്തില്‍ ഗവ. കോളേജ് ഗണിതശാസ്ത്ര വിഭാഗം, ഉദുമ മണ്ഡലത്തില്‍ കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ അജാനൂര്‍ മാണിക്കോത്ത് കെ.എ.കെ.എച്ച്.എം ഗവ. ഫിഷറീസ് യു.പി സ്കൂള്‍, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ പിലിക്കോട് ഗവ. യു.പി സ്കൂള്‍ എന്നിവയാണ് വനിതാ ബൂത്തുകളായി പ്രവര്‍ത്തിക്കുക. ഈ പോളിംഗ് സ്റ്റേഷനുകളുടെ സുഗമമായ നടത്തിപ്പിനായി സെക്ടറല്‍ ഓഫീസര്‍മാരെയും ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
വോട്ടു ചെയ്യുന്നതിന് ഫോട്ടോ പതിച്ച വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡാണ് വോട്ടറെ തിരിച്ചറിയാനുള്ള പ്രധാന രേഖ. വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് ഹാജാരാക്കാന്‍ പറ്റാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച രേഖകളും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം, താഴെപ്പറയുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാലും വോട്ട് ചെയ്യാം. ആധാര്‍ കാര്‍ഡ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക്, പോസ്റ്റ് ഓഫീസ് നല്കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നല്‍കിയിട്ടുള്ള ആരോഗ്യപരിരക്ഷാ സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ദേശീയ ജനസംഖ്യ രജിസ്റ്ററിനു കിഴില്‍ (എന്‍.പി.ആര്) കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്.ജി.ഐ.) നല്കിയ സ്മാര്‍ട്ട് കാര്‍ഡ് ഇന്ത്യന്‍ പാസ്പോര്‍ട്ട്, ഫോട്ടോ പതിച്ച പെന്ഷന് രേഖ, കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ, പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ജീവനക്കാര്‍ക്കു നല്കുന്ന സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്, എം.പി, എം.എല്‍.എ, എന്നിവര്‍ക്കു നല്കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ഭാരതസര്‍ക്കാര്‍ സാമൂഹികനീതി ശാക്തീകരണമന്ത്രാലയം നല്കുന്ന സവിശേഷ ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും തിരിച്ചറിയല്‍ കാര്‍ഡുകളായി ഉപയോഗിക്കാം.
പരസ്യപ്രചാരണം
വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് വരെയേ പരസ്യപ്രചാരണം പാടുള്ളൂ. ഏപ്രില്‍ ഏഴിന് വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിപ്പിക്കണം.
മദ്യനിരോധനം
വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ മദ്യനിരോധനം ഏര്‍പ്പെടുത്തും. ഏപ്രില്‍ ഏഴിന് വൈകിട്ട് ആറിന് വൈകിട്ട് ആറു മുതല്‍ ഏപ്രില്‍ ഒന്‍പതിന് വൈകിട്ട് ആറു വരെ ഡ്രൈഡേ.
പെരുമാറ്റച്ചട്ട ചട്ടലംഘനം
ജില്ലയില്‍ ഇതുവരെ നീക്കം ചെയ്തത് അയ്യായിരത്തിലധികം പ്രചരണ സാമഗ്രികള്‍
നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെയുള്ള ആന്റി ഡീഫേസ്മെന്റ് സ്ക്വാഡിന്റെ നടപടി ശക്തമായി തുടരുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം പൊതുസ്ഥലങ്ങളില്‍ നിന്ന് മാത്രം 5,171 അനധികൃത പ്രചാരണ സാമഗ്രികളാണ് സ്ക്വാര്‍ഡ് നീക്കം ചെയ്തത്. ഇതില്‍ 2,880 പോസ്റ്ററുകളും 405 ബാനറുകളും 236 ചുവരെഴുത്തുകളും ഉള്‍പ്പെടുന്നു. പൊതുസ്ഥലങ്ങളില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 5,177 കേസുകളില്‍ ഭൂരിഭാഗത്തിലും ഇതിനോടകം നടപടി പൂര്‍ത്തിയായിട്ടുണ്ട്.
പൊതുസ്ഥലങ്ങള്‍ക്ക് പുറമെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഇടങ്ങളിലും അനുമതിയില്ലാതെ സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ 226 ലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 132 പോസ്റ്ററുകളും 24 ബാനറുകളും ഉള്‍പ്പെടുന്നു. സ്വകാര്യ ഇടങ്ങളിലെ 220 കേസുകളില്‍ നടപടി സ്വീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം മാത്രം ജില്ലയില്‍ പുതുതായി 177 ചട്ടലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവയെല്ലാം തന്നെ സ്ക്വാഡുകള്‍ ഉടനടി നീക്കം ചെയ്തിട്ടുണ്ട്. ആറ് ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. മാതൃക പെരുമാറ്റ ചട്ടം നോഡല്‍ ഓഫീസര്‍ ആയ അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ.വി ശ്രുതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ക്വാഡിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ എ.എന്‍ ഗോപകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന് തുടങ്ങിയവര്‍ പങ്കെടുത്തു.
PHOTO- വാര്‍ത്താസമ്മേളനം.
- Log in to post comments