നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയിലെ ബൂത്തുകൾ 'ഹരിതമയം'
നിയമസഭാ തിരഞ്ഞെടുപ്പ് പൂർണ്ണമായും പരിസ്ഥിതി സൗഹൃദമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ജില്ലയിലെ ആകെയുള്ള 1898 പോളിംഗ് സ്റ്റേഷനുകളിലും ഹരിതചട്ടം കർശനമായി പാലിക്കും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും ഓരോ 'മാതൃകാ ഹരിത ബൂത്ത്' സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കിടയിൽ പരിസ്ഥിതി സംരക്ഷണ സന്ദേശം എത്തിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുടിവെള്ളം സ്റ്റീൽ കുപ്പികളിൽ ഇവിടെ ലഭ്യമാക്കും. ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിക്കാൻ പ്രത്യേകം ബിന്നുകളും ഒരുക്കിയിട്ടുണ്ട്. ചില്ല് ഗ്ലാസ്സുകൾ, സ്റ്റീൽ, സെറാമിക് പ്ലേറ്റുകൾ എന്നിവ മാത്രമേ ഭക്ഷണത്തിനായി ഉപയോഗിക്കൂ. ജില്ലയിലെ 72 പഞ്ചായത്തുകളിലും ആറ് നഗരസഭകളിലും ഇത്തരത്തിൽ ഓരോ മാതൃകാ ഹരിത പോളിംഗ് ബൂത്ത് പ്രവർത്തിക്കും. ശുചിത്വ മിഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ബൂത്തുകൾ സജ്ജമാക്കിയിരിക്കുന്നത്.
- Log in to post comments