'വേനല്‍ മഴ' അവധിക്കാല ക്യാമ്പ്: നാടക കളരി സംഘടിപ്പിച്ചു
ബാലസംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍, വനിതാ ശിശു വികസന വകുപ്പ് - ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും, മംഗോ മെഡോസ് ഇന്‍സ്ട്രക്ഷണല്‍ ഫാമിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന വിപുലമായ അവധിക്കാല പരിപാടി 'വേനല്‍ മഴ' പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്കായി നാടക കളരി പരിപാടി മംഗോ മെഡോസ് ഇന്‍സ്ട്രക്ഷണല്‍ ഫാമില്‍ സംഘടിപ്പിച്ചു. കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകളും അവതരണ ശേഷി വികസിപ്പിക്കുന്നതിനും അവരുടെ വികാരങ്ങളും ആശയങ്ങളും സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കുന്നതിനും, ആത്മവിശ്വാസം വര്‍ധിക്കുന്നതിനും വേണ്ടിയാണ് നാടക കളരി കുട്ടികള്‍ക്കായി സംഘടിപ്പിച്ചത്.
പരിപാടി ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ടി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ എ. സതീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ മുന്‍ അംഗം സി. വിജയകുമാര്‍ മുഖ്യാതിഥിയായി. ഡോ. പി.കെ. അബ്ദുല്‍ ജബ്ബാര്‍ (സയന്റിസ്റ്റ് ഹെഡ് ഇന്‍ഡസ്ട്രീഷനല്‍ ഫാം തവനൂര്‍), ഷാജിത അറ്റാശ്ശേരി (ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍), സൈനബ (സൂപ്രണ്ട് ഗവ. ചില്‍ഡ്രന്‍സ് ഹോം തവനൂര്‍, എ.കെ. മുഹമ്മദ് സാലിഹ് (പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, കെ. ഷംസുദ്ധീന്‍ (പ്രൊജക്റ്റ് അസിസ്റ്റന്റ് , ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്) സി. ഫാരിസ (ചൈല്‍ഡ് ഹെല്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ), കെ.കെ. ഫിദ (കുട്ടികളുടെ പ്രതിനിധി) തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയില്‍ നടനും നാടക പ്രവര്‍ത്തകനുമായ സിദ്ധാര്‍ത്ഥ് കുട്ടികള്‍ക്കായി ക്ലാസ് നയിച്ചു.
അവധിക്കാലത്ത് വീടുകളിലേക്ക് പോകാന്‍ കഴിയാതെ സ്ഥാപനങ്ങളില്‍ തുടരേണ്ടിവരുന്ന കുട്ടികളുടെ സാമൂഹിക, മാനസിക, ശാരീരിക വളര്‍ച്ച ഉറപ്പാക്കുകയാണ് 'വേനല്‍ മഴ'യുടെ പ്രധാന ലക്ഷ്യം. ആത്മവിശ്വാസം വര്‍ധിപ്പിക്കുക, സൃഷ്ടിപരമായ കഴിവുകള്‍ വികസിപ്പിക്കുക, സാമൂഹിക ഇടപെടല്‍ ശേഷി മെച്ചപ്പെടുത്തുക, ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുക എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു.
ചില്‍ഡ്രന്‍സ് ഹോമുകളില്‍ വളര്‍ന്ന് പ്രതിസന്ധികള്‍ അതിജീവിച്ച് ജീവിതവിജയം നേടിയ വ്യക്തികളുടെ ഒത്തുചേരലും കുട്ടികള്‍ക്ക് പ്രചോദനമാകാന്‍ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് തന്നെ ഇത്രയും വ്യാപകമായ രീതിയില്‍ ബാലസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നത് അപൂര്‍വമാണെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടി. ഈ മാതൃക മറ്റ് ജില്ലകളിലെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികള്‍ക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചു. സ്ഥാപന പരിധിക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന ജീവിതത്തില്‍ നിന്ന് കുട്ടികളെ സമൂഹവുമായി കൂടുതല്‍ ഇടപെടാന്‍ പ്രാപ്തരാക്കുന്നതിനും, സ്വയം തിരിച്ചറിവ്, സംഘടിത പ്രവര്‍ത്തന ശേഷി, സൃഷ്ടിപരമായ ചിന്ത, ആരോഗ്യ ബോധം എന്നിവ വളര്‍ത്തുന്നതിനും പദ്ധതി സഹായകരമാകുമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
- Log in to post comments