വോട്ടെണ്ണല്‍ സുരക്ഷയ്ക്ക് 1000 ത്തോളം പൊലിസ് ഉദ്യോഗസ്ഥര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല
നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ സുരക്ഷയ്ക്ക് 1000 ലധികം പൊലിസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ജില്ല പൊലിസ് മേധാവി ആര്‍ ആനന്ദ് അറിയിച്ചു. ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സുരക്ഷ ഒരുക്കും. കേന്ദ്രങ്ങള്‍ക്കുള്ളില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് അനുവദിക്കില്ല. ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഇവയ്ക്ക് സമീപം വാഹനം പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം ഒരുക്കും. കോന്നി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ മലയാലപ്പുഴ മുസലിയാര്‍ കോളജിന്റെ സമീപ പ്രദേശങ്ങളായ മൈലാടുംപാറ, മൂലമുറിയില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, മുസലിയാര്‍ എംബിഎ കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യണം.
അടൂര്‍, ആറന്മുള നിയോജകമണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിന് സമീപം മറ്റ് പാര്‍ക്കിംഗ് സൗകര്യം ലഭ്യമല്ലാത്തതിനാല്‍ വാഹനം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്യണം. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ മുന്‍വശം 100 മീറ്റര്‍ ഒഴിവാക്കി ബാക്കി സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കും.
റാന്നി, തിരുവല്ല നിയോജകമണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രമായ കോഴഞ്ചേരി സെന്റ് തോമസ് കോളജിലെത്തുന്ന വാഹനങ്ങള്‍ കോഴഞ്ചേരി മാര്‍ത്തോമ്മ സ്‌കൂള്‍ ഗ്രൗണ്ട്, പഞ്ചായത്ത് സ്റ്റേഡിയം, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണമെന്നും ജില്ല പൊലിസ് മേധാവി അറിയിച്ചു.
- Log in to post comments