വേനല്‍ക്കാല പ്രത്യേക ഖാദി വിപണന മേളയില്‍ സ്പെഷല്‍ ഇളവുകള്‍
വേനല്‍ കാലത്തെ കനത്ത ചൂട് പ്രതിരോധിക്കാന്‍ പ്രകൃതി ദത്തമായ പരുത്തി വസ്ത്രങ്ങള്‍ ശീലമാക്കുന്നതിനായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ വേനല്‍ക്കാല പ്രത്യേക ഖാദി വിപണന മേള മെയ് 30വരെ നടക്കും. മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യയില്‍ നിന്നും ചങ്ങരംകുളം, എടപ്പാള്‍, വട്ടംകുളം, താനൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി സൗഭാഗ്യകളില്‍ നിന്നും ഗ്രാമീണ മേഖലകളിലെ ഗ്രാമ ശില്പകളില് നിന്നും ഇളവുകളോടെ ഖാദി വസ്ത്രങ്ങള്‍ വാങ്ങാം. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള വില്പന കേന്ദ്രങ്ങളില്‍ മാത്രമാണ് ഈ സേവനമുള്ളത്.
ജില്ലയിലെ ഖാദി നെയ്ത്തു കേന്ദ്രങ്ങളില്‍ ഉല്പാദിപ്പിക്കുന്ന പ്രത്യേക പരുത്തി വസ്ത്രങ്ങളുടെ വലിയ ശേഖരം ജില്ലയിലെ വിപണന കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. കനംകൂടിയ മനില, കനം കുറഞ്ഞ മസ്ലിന് എന്നീ തുണിത്തരങ്ങളുടെ വിപുലമായ ശ്രേണി ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഇത് കൂടാതെ 'സമ്മര്‍ കൂള്‍' എന്ന ബ്രാന്‍ഡില്‍ പ്രത്യേക റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ബെഡ് ഷീറ്റുകള്‍, ഖാദി തോര്‍ത്ത്, വിവിധ തരം മുണ്ടുകള്‍, തൂവാലകള്‍, കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍, ഗ്രാമ വ്യവസായ ഉത്പന്നങ്ങള്‍ എന്നിവയും കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
- Log in to post comments