Skip to main content

കുടുംബശ്രീ കളിക്കൂട്ടം ബാലസഭ രൂപീകരണ ക്യാമ്പയിന്‍

 

കുട്ടികളുടെ സര്‍വാത്മക വികസനവും സാമൂഹിക ബോധവും ലക്ഷ്യമിട്ട് കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിലുള്ള കളിക്കൂട്ടം ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. നിലവിലുള്ള ബാലസഭകളെ കൂടുതല്‍ സജീവമാക്കുക, ബാലസഭയില്‍ അംഗമല്ലാത്ത എല്ലാ വാര്‍ഡുകളിലുമുള്ള അഞ്ചു മുതല്‍ 18 വയസ്സുവരെയുള്ള  കുട്ടികളെ കണ്ടെത്തി പുതിയ ബാലസഭകള്‍ രൂപീകരിക്കുക, ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുക, ജീവിതശൈലിയില്‍ മാറ്റം വരുത്തി കാര്‍ബണ്‍ ന്യൂട്രല്‍ കേരളം കെട്ടിപ്പടുക്കാന്‍ ബാലസഭകളെ സജ്ജമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

മൂന്ന് അയല്‍ക്കൂട്ടങ്ങള്‍ക്ക് ഒരു കളിക്കൂട്ടം എന്ന രീതിയിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പ്രവേശനോത്സവ മാതൃകയില്‍ മധുരം നല്‍കിയും പ്രാദേശികമായ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിച്ചും കുട്ടികളെ ബാലസഭകളിലേക്ക് ആകര്‍ഷിക്കും. കിളിത്തട്ട്, കുട്ടിയും കോലും തുടങ്ങിയ നാടന്‍ കളികളും ക്യാരംസ്, ചെസ്സ് ഫുട്‌ബോള്‍ തുടങ്ങിയ കായിക ഇനങ്ങളും ഇതിന്റെ ഭാഗമായി  നടത്തും.

നിലവില്‍ ജില്ലയില്‍ 2476 ബാലസഭകളില്ലായി 35266 അംഗങ്ങളുണ്ട്. ക്യാമ്പയിനിന്റെ ഭാഗമായി പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ ചേര്‍ന്ന് ബാലസഭകളില്‍ അംഗമല്ലാത്ത കുട്ടികളുടെ വിവരശേഖരണം നടത്തും. തുടര്‍ന്ന് കുട്ടികളെ കണ്ടെത്തി പുതിയ ഗ്രൂപ്പുകള്‍ രൂപീകരിക്കും. മെയ് 10 നുള്ളില്‍ ജില്ലയിലെ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പൂര്‍ത്തിയാക്കും. ശേഷം എല്ലാ കുടുംബശ്രീ സി ഡി എസ്സുകളിലും ബാലസഭ പ്രസിഡണ്ട്, സെക്രട്ടറിമാര്‍ക്ക് മൂന്ന് ദിവസത്തെ നേതൃത്വ പരിശീലന ക്യാമ്പും സംഘടിപ്പിക്കും.

date