Skip to main content

ഓപ്പറേഷൻ ബ്രേക്ക് ത്രൂ; പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം

അവലോകനയോഗം ചേർന്നു

നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി കൊച്ചി കോർപ്പറേഷൻ മേയർ വി കെ മിനിമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. മുല്ലശ്ശേരി കനാൽ നവീകരണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കുന്നതിനും നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും യോഗത്തിൽ നിർദ്ദേശം നൽകി.

മുല്ലശ്ശേരി കനാൽ നവീകരണത്തിന്റെ ഭാഗമായുള്ള യൂട്ടിലിറ്റി ഷിഫ്റ്റിംഗിനായി 1.35 കോടി രൂപ അനുവദിച്ചു. ബി.എസ്.എൻ.എൽ, കേരള വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി എന്നീ വകുപ്പുകൾ സംയുക്തമായാണ് നവീകരണ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നത്. കനാലിലെ നിർമ്മാണത്തിന് തടസ്സമാകുന്ന എല്ലാ ഘടകങ്ങളും വേഗത്തിൽ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ടി.പി. കനാലിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംരക്ഷണ ഭിത്തിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. കനാലിന്റെ ഒന്ന്, നാല് റീച്ചുകൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. സംരക്ഷണ ഭിത്തി നിർമ്മാണത്തിനൊപ്പം വേലികൾ സ്ഥാപിക്കുന്ന ജോലികളും പൂർത്തിയാക്കാനുണ്ട്. അവശേഷിക്കുന്ന രണ്ടാമത്തെയും മൂന്നാമത്തെയും റീച്ചുകളുടെ പണി ഉടൻ പൂർത്തിയാക്കാൻ മൈനർ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകി. കനാലിന്റെ മുഖഭാഗം വൃത്തിയാക്കുന്ന ജോലികൾ മെയ് 15-നകം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകി.

ഹൈക്കോടതി പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി 42 ലക്ഷത്തിൻ്റെ ഭരണ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിൻ്റെ ടെൻഡർ നടപടികൾ ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ കനാലുകളിലും കാനകളിലും വലിച്ചെറിയുന്നതുമൂലം പലപ്പോഴും ഒഴുക്കിന് തടസ്സം സംഭവിക്കുന്നുണ്ട്. ഇത് നിരോധിക്കുന്ന സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്യുകയും കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്തെ മാലിന്യ പ്രശ്നങ്ങൾ, കനാലുകളിലേക്ക് മാലിന്യങ്ങൾ ഒഴുകി വരുന്നത് തടയാനായി ഫ്ലോട്ടിംഗ് ട്രാഷ് ബൂമുകൾ സ്ഥാപിക്കൽ, കടവിൽ ലൈൻ ഡ്രൈനേജ്, വെള്ളക്കെട്ടിന് പ്രധാന കാരണമാകുന്ന കാനകളിലെയും കനാലുകളിലെയും തടസ്സങ്ങൾ (Choke points) കണ്ടെത്താനും അവ നീക്കം ചെയ്യാനുമുള്ള നടപടികൾ സ്വീകരിക്കൽ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. 

ജില്ലാ കളക്ടറുടെ ക്യാമ്പ് ഹൗസിൽ ചേർന്ന യോഗത്തിൽ അമിക്കസ് ക്യൂറി അഡ്വ. ഗോവിന്ദ് പത്മനാഭൻ, കൊച്ചി കോർപ്പറേഷൻ സെക്രട്ടറി പി എസ് ഷിബു, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും പങ്കെടുത്തു.

date