Skip to main content
സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം

മെയ് 31 നകം സ്‌കൂളുകള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടണം

എല്ലാ സ്‌കൂളുകളും മെയ് 31 ന് മുമ്പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടണമെന്ന് ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ജില്ലയില്‍ 715 സ്‌കൂളുകളാണുള്ളത്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് സ്‌കൂളുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്‍കുമ്പോള്‍ വിവിധ വകുപ്പുകളില്‍ നിന്ന് എന്‍ഒസി വാങ്ങണം.
ശുചിത്വവും കുടിവെള്ളത്തിന്റെ ഗുണനിലവാരവും സാക്ഷ്യപ്പെടുത്തുന്ന സാനിറ്ററി സര്‍ട്ടിഫിക്കറ്റ് ആരോഗ്യവകുപ്പില്‍ നിന്ന് വാങ്ങണം. ഫസ്റ്റ് എയ്ഡ് കിറ്റ് സ്‌കൂളുകളില്‍ സൂക്ഷിക്കണം. സ്‌കൂളിലെ വൈദ്യുത സംവിധാനങ്ങളുടെ സുരക്ഷ പരിശോധന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്/കെഎസ്ഇബി നടത്തും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസില്‍ നിന്ന് തീപിടുത്തം തടയുന്നതിനുള്ള എന്‍.ഒ.സി നിര്‍ബന്ധമാണ്. സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് കലക്ടറുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശം
സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസും കുട്ടികളുടെ യാത്ര സുരക്ഷയും മോട്ടോര്‍ വാഹന വകുപ്പ് ഉറപ്പാക്കണം.
സ്‌കൂള്‍ പരിസരത്തെ അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനും വന്യജീവി, പാമ്പ് ശല്യം തടയുന്നതിനുള്ള സുരക്ഷാ പരിശോധന വനം വന്യജീവി വകുപ്പിന്റെ ഉത്തരവാദിത്ത്വമാണ്.
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പോലിസ്, എക്‌സൈസ്, വാട്ടര്‍ അതോറിറ്റി, സിവില്‍ സപ്ലൈസ്, കൃഷി വകുപ്പുകളുടെ സേവനം ഉറപ്പാക്കണമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.

 

date