എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചു: ജില്ലയിൽ 99.63 വിജയശതമാനം
*നൂറ് ശതമാനം വിജയം നേടി കുട്ടനാട് വിദ്യാഭ്യാസ ജില്ല സംസ്ഥാനത്ത് ഒന്നാമത്
എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ ആലപ്പുഴ ജില്ലയിൽ 99.63 വിജയശതമാനം. പരീക്ഷ എഴുതിയ 1787 വിദ്യാർഥികളും വിജയിച്ചതോടെ 100 ശതമാനം വിജയംനേടി കുട്ടനാട് വിദ്യാഭ്യാസ ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലയിൽ 1588 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഇതിൽ 556 പേർ ആൺകുട്ടികളും 1032 പേർ പെൺകുട്ടികളുമാണ്. 668 എ പ്ലസ്സുകളോടെ ജില്ലയിൽ ഏറ്റവും കൂടുതൽ പേർ എ പ്ലസ് കരസ്ഥമാക്കിയത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയാണ്. ആലപ്പുഴ 421, ചേർത്തല 322, കുട്ടനാട് 177 എന്നിങ്ങനെയാണ് വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തിൽ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളുടെ എണ്ണം. ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ നിന്നും 5979, ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ നിന്നും 5935, മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ നിന്നും 6466, കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ നിന്നും 1787 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായി. ജില്ലയിൽ ആകെ 20,242 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 20,167 പേർ ഉപരിപഠനത്തിന് അർഹതനേടി.
- Log in to post comments