നൈപുണ്യ വികസന കോഴ്സുകളിൽ പ്രവേശനം
കേരള സർക്കാരിന്റെ തൊഴിലും നൈപുണ്യവും വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള അക്കാഡമി ഫോർ സ്‌കിൽ എക്സലൻസ് (KASE) യൂണിറ്റായ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (KSID) ൽ മെയ് 20 മുതൽ വിവിധ ഹ്രസ്വകാല നൈപുണ്യ വികസന കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.
സംസ്ഥാനത്തെ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഡിസൈൻ മേഖലയിലെ പ്രായോഗിക അറിവും തൊഴിൽലധിഷ്ഠിത പരിശീലനവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വേനലവധിക്കാല പ്രത്യേക പരിശീലന പദ്ധതിയുടെ ഭാഗമായി കോഴ്‌സുകൾ സംഘടിപ്പിക്കുന്നത്. വ്യവസായ മേഖലയിലും സ്വയംതൊഴിൽ രംഗങ്ങളിലും പ്രയോജനപ്പെടുന്ന രീതിയിൽ ആധുനിക പരിശീലന സൗകര്യങ്ങളോടെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
അപ്പാരൽ ലാബ്, കമ്മ്യൂണിക്കേഷൻ ലാബ്, പ്രൊഡക്റ്റ് ലാബ്, ഐ.ടി. ലാബ് എന്നിവയുടെ കീഴിൽ കോക്കനട്ട് ഷെൽ ക്രാഫ്റ്റ് ട്രെയിനിംഗ്, മൊമെന്റോ മേക്കിംഗ്, ഫോട്ടോ ഫ്രെയിമിംഗ്, ഹാൻഡ് മെഷീൻസ് ഉപയോഗ പരിശീലനം, ഫാബ്രിക് ഡൈയിംഗ് & പ്രിന്റിംഗ് (ബ്ലോക്ക് & സ്‌ക്രീൻ), ഗ്രാഫിക്സ് ഡിസൈനിംഗ്, വീഡിയോ എഡിറ്റിംഗ്, തുണിസഞ്ചി / ബാഗ് നിർമ്മാണം, വസ്ത്ര നിർമ്മാണ പരിശീലനം (Pattern Making) എന്നിവയിൽ പരിശീലനം നൽകും.
ഓരോ കോഴ്‌സിനും വിഷയാനുസൃതമായി 10 മുതൽ 30 ദിവസം വരെയാണ് പരിശീലന കാലാവധി നിശ്ചയിച്ചിരിക്കുന്നത്. പരിശീലന ക്ലാസുകൾ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ്. ചില കോഴ്‌സുകൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെയുള്ള പ്രത്യേക സമയക്രമവും ഉണ്ടായിരിക്കും.
കോഴ്‌സുകൾക്ക് പരിമിത സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ഓരോ ബാച്ചിലും 10 മുതൽ 20 പേർ വരെയാണ് പ്രവേശനം. 18 വയസ്സിന് മുകളിലുള്ളവർക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 1,000 മുതൽ 4,000 വരെയാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: 04742719193, 9495057877, 9037114012, info@ksid.ac.in
പി.എൻ.എക്‌സ്. 1511/2026
- Log in to post comments