Skip to main content
..

ദുരന്തനിവാരണത്തിന് താഴെതട്ടിലേക്കും സംവിധാനം മഴക്കാല മുന്നൊരുക്കങ്ങളായി: ജില്ലാ കലക്ടര്‍

 

മഴക്കാലത്ത്പ്രതീക്ഷിക്കുന്ന ദുരിതങ്ങള്‍നേരിടാന്‍ ജില്ല സുസജ്ജമെന്ന് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ എന്‍ ദേവിദാസ് ചേമ്പറില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അറിയിച്ചു. ഉയര്‍ന്നതോതിലുള്ള മഴസാധ്യത കണക്കിലെടുത്ത് ജില്ലാ, താലൂക്ക്, പഞ്ചായത്ത്തലങ്ങളില്‍ തഹസില്‍ദാര്‍മാരുടെനേതൃത്വത്തില്‍ ഇന്‍സിഡന്റല്‍ റെസ്‌പോണ്‍സ് ടീമുകളെ സജ്ജമാക്കിയാണ് മുന്നൊരുക്കം പൂര്‍ത്തിയാക്കിയത്.
വെള്ളക്കെട്ട് നിയന്ത്രിക്കുന്നതിന് തയ്യാറെടുപ്പുകളായി. ദേശീയപാതയിലും ഇതര റോഡുകളിലെയും ഓടകളുടെ ശുചീകരണം നടത്തുന്നു.  ജലാശയങ്ങളുടെ ശുചീകരണ-നവീകരണപ്രവര്‍ത്തികളും തുടരുന്നു. പാതയോരങ്ങളില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ നീക്കംചെയ്യും.  മണ്ണിടിച്ചില്‍സാധ്യതാപ്രദേശങ്ങളില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കും. സ്‌കൂള്‍കെട്ടിടങ്ങളുടെ സുരക്ഷാനടപടികളും കൈക്കൊള്ളും.
പരവൂര്‍ പൊഴിയില്‍അടിഞ്ഞ മണ്ണ് നീക്കംചെയ്യും. പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പ്രതിരോധത്തിനും ചികിത്സയ്ക്കും ആവശ്യമായ മരുന്നുകള്‍, പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റിവെനം, പേവിഷ വാക്സിന്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കി.
തഴവയില്‍ സൈക്ലോണ്‍ ഷെല്‍ട്ടര്‍ സജ്ജമാക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി ഒരുക്കുന്ന കെട്ടിടങ്ങളിലും സൗകര്യങ്ങള്‍ ഉറപ്പാക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കാലാവസ്ഥാമുന്നറിയിപ്പുകള്‍ക്കനുസൃതമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ അഗ്‌നിശമനസേന നിഷ്‌കര്‍ഷിച്ച സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിന് നിര്‍ദേശിച്ചു. തീരസംരക്ഷണത്തിന് ജിയോബാഗുകള്‍ ഉറപ്പാക്കണം. ബീച്ചുകളില്‍ കൂടുതല്‍ ലൈഫ് ഗാര്‍ഡുകളെ നിയമിക്കുന്നതിനും നടപടിയുണ്ടാകും. ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വാഹനങ്ങള്‍ ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.  സബ് കലക്ടര്‍ അഖില്‍ വി. മേനോന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date