Skip to main content

ദേശീയ ഡെങ്കി ദിനാചരണം: ജില്ലയിൽ  ക്യാമ്പയിനുകൾക്ക് തുടക്കമായി

ജില്ലയിൽ ദേശീയ ഡെങ്കി ദിനാചരണത്തിന്റെ ഭാഗമായി എന്റെ ഓഫീസ് ഉറവിട വിമുക്തം, ഓപ്പറേഷൻ സി.ഐ.ഡി (ചെക്ക്, ഇൻസ്പെക്ട്, ഡ്രയിൻ /ഡിസ്ട്രോയ്) ക്യാമ്പയിനുകൾ ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. കൊതുക് നശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൃത്രിമ ജലാശയങ്ങൾ, അലങ്കാര കുളങ്ങൾ എന്നിവിടങ്ങളിൽ കൂത്താടി ഭോജികളായ ഗപ്പി മീനുകളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു.

ഡെങ്കിപ്പനി പ്രതിരോധത്തിനായി ശനിയാഴ്ചകളിൽ ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രതിവാര ഉറവിട നശീകരണ പരിപാടി ശക്തമാക്കുന്നതിനാണ് എന്റെ ഓഫീസ് ഉറവിട വിമുക്തം ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സിവിൽ സ്‌റ്റേഷനിലെ 88 ഓഫീസുകളിലും കളക്ടറേറ്റ്, ആരോഗ്യ വകുപ്പ് ജീവനക്കാർ അടങ്ങിയ ടീം സന്ദർശനം നടത്തി. ഓഫീസുകളിൽ പ്രതിജ്ഞ ചൊല്ലൽ, ബോധവത്കരണ പോസ്‌റ്റർ പ്രദർശിപ്പിക്കൽ, ഊർജ്ജിത ഉറവിട നശീകരണ പ്രവർത്തനങ്ങൾ എന്നിവയും ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ചു.

ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ ജനകീയ പങ്കാളിത്തത്തോടെയുള്ള ഉറവിട നശീകരണമാണ് ഓപ്പറേഷൻ സി.ഐ.ഡി ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വിപുലമായ സോഷ്യൽ മീഡിയ പ്രചരണം, ആരോഗ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ഉറവിട നശീകരണം, തദ്ദേശ സ്ഥാപന തലത്തിലും വാർഡ് ഹെൽത്ത് സാനിട്ടേഷൻ കമ്മിറ്റികൾ കേന്ദ്രീകരിച്ചുമുള്ള യോഗങ്ങൾ എന്നിവ ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്.

വാണിജ്യ സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, പ്ലാൻ്റേഷനുകൾ, നിർമ്മാണ സ്ഥലങ്ങൾ, അങ്കണവാടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വൃദ്ധസദനങ്ങൾ, കെയർ ഹോമുകൾ, ഹോസ്റ്റലുകൾ, ഫ്ലാറ്റുകൾ, വീടുകൾ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധനയും ഗപ്പി വിതരണവും ഉറവിട നശീകരണ ബോധവൽക്കരണ പ്രവർത്തനങ്ങളും നടക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, റെസിഡെൻ്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ, ബാലസഭ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെ മഴക്കാല പൂർവ്വ രോഗപ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി ക്യാമ്പയിൻ ശക്തമായി മുന്നോട്ട് കൊണ്ടുപോകും.

കളക്ടറേറ്റിൽ നടന്ന പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷാഹിർ ഷാ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ.കെ ആശ, ഹുസൂർ ശിരസ്തദാർ വി ജി ജ്യോതി, കാക്കനാട് കുടുംബാരോഗ്യം മെഡിക്കൽ ഓഫീസർ ഡോ. ഗോപിക പ്രേം ആർ എന്നിവർ  നേതൃത്വം നൽകി.
സീനിയർ ബയോളജിസ്റ്റ് ബിനുക്കുട്ടൻ, ജില്ലാ വെക്‌ടർബോൺ ഡിസീസസ് കൺട്രോൾ ഓഫീസർ കെ ആർ ദാമോദരൻ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ജി രജനി എന്നിവർ പങ്കെടുത്തു.

date