*എസ്.എസ്.എൽ.സി വിജയത്തിളക്കത്തിൽ ജില്ല; വിജയ ശതമാനം 99.59*
എസ്.എസ്.എൽ.സി പരീക്ഷാഫലം പുറത്തുവന്നപ്പോൾ 99.59 ശതമാനം പേരും ഉപരിപഠനത്തിന് അർഹരായ വയനാട് ജില്ലയ്ക്ക് തിളക്കമാർന്ന ജയം. ആകെ 5553 ആൺകുട്ടികളും 5662 പെൺകുട്ടികളും ഉൾപ്പെടെ 11215 വിദ്യാർത്ഥികളാണ് ജില്ലയിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയത്. ഇവരിൽ 5520 ആൺകുട്ടികളും 5649 പെൺകുട്ടികളും ഉൾപ്പെടെ 11169 പേരും ഉപരിപഠനത്തിന് അർഹരായി. സംസ്ഥാനത്ത് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഏറ്റവുമധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ വയനാട് ജില്ലയിൽ ആകെ പരീക്ഷയെഴുതിയ 2237 എസ്.ടി വിദ്യാർത്ഥികളിൽ 2205 പേരും ഉപരിപഠനത്തിന് അർഹത നേടി. 494 പട്ടികജാതി വിദ്യാർത്ഥികളാണ് ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയത് ഇവരിൽ എല്ലാവരും ഉപരിപഠനത്തിന് അർഹത നേടിയിട്ടുണ്ട്. പരീക്ഷയെഴുതിയ മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ ഉൾപ്പെടുന്ന 6174 വിദ്യാർത്ഥികളിൽ 6164 പേരും ഉപരിപഠനത്തിന് അർഹത നേടി.
257 ആൺകുട്ടികളും 486 പെൺകുട്ടികളും ഉൾപ്പെടെ ആകെ 743 വിദ്യാർത്ഥികൾക്കാണ് ജില്ലയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. ജില്ലയിലെ വിജയക്കണക്കുകളിൽ ഏറ്റവുമധികം പേർക്ക് എ പ്ലസ് ലഭിച്ചത് ഒന്നാം ഭാഷയുടെ രണ്ടാം പേപ്പറിലാണ്. 7441 പേർ ഒന്നാം ഭാഷയുടെ രണ്ടാം പേപ്പറിൽ എ പ്ലസ് ഗ്രേഡ് നേടി. 6503 പേർ ഒന്നാം ഭാഷയുടെ ഒന്നാം പേപ്പറിലും 2334 പേർ ഇംഗ്ലീഷിനും 3415 പേർ മൂന്നാം ഭാഷയിലും എ പ്ലസ് നേടി. 2016 പേർ സോഷ്യൽ സയൻസിലും 2570 പേർ ഫിസിക്സിലും 1698 പേർ കെമിസ്ട്രിയിലും 3231 പേർ ബയോളജിയിലും 1308 പേർ കണക്കിലും 7140 പേർ ഐ.ടിയിലും എ പ്ലസ് നേടിയിട്ടുണ്ട്. നിരവധി വിദ്യാലയങ്ങൾ നൂറു മേനി വിജയം കൈവരിച്ച സന്തോഷത്തിലാണ്.
- Log in to post comments