തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മഴക്കാല പൂര്‍വ ശുചീകരണം ഊര്‍ജിതമാക്കണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തരമായി മഴക്കാല പൂര്‍വ ശുചീകരണം ആരംഭിക്കാനും മഴ ശക്തമാകുന്നതിന് മുമ്പ് ഓടകള്‍, കൈത്തോടുകള്‍, കല്‍വര്‍ട്ടുകള്‍, ചെറിയ കനാലുകള്‍ എന്നിവയിലെ തടസം നീക്കാനും ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ നിര്‍ദേശം. നിയുക്ത എംഎല്‍എമാരായ വര്‍ഗീസ് മാമ്മന്‍, സി വി ശാന്തകുമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി എന്നിവരുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കാലവര്‍ഷ മുന്നൊരുക്ക അവലോകന യോഗത്തില്‍ അധ്യക്ഷനായിരുന്നു ജില്ല കലക്ടര്‍.
മാലിന്യ നിര്‍മാര്‍ജനം തദ്ദേശ സ്ഥാപനങ്ങള്‍ വേഗത്തില്‍ നടത്തണം. മഴയ്ക്ക് മുമ്പ് പൊതു ഇടങ്ങളില്‍ മാലിന്യം കെട്ടികിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. കൊതുക് നിര്‍മാര്‍ജനം വ്യാപകമാക്കും. ഓടകള്‍, നീര്‍ച്ചാലുകള്‍, പൊതുജലാശയങ്ങള്‍ മുതലായ എല്ലാ ജല നിര്‍ഗമന പാതകളും വൃത്തിയാക്കും. ജില്ല തലത്തിലും താലൂക്ക് തലത്തിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം നടപ്പാക്കും. താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന് സെന്റര്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കും.
ജില്ലാതലത്തില്‍ യോഗം ചേര്‍ന്ന് മഴക്കാല ദുരന്ത സാധ്യതകളെ നേരിടാന്‍ പ്രാദേശിക കര്‍മ പദ്ധതി തയ്യാറാക്കും. ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ളവരുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും വില്ലേജ് തലത്തിലും പുതുക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികളെല്ലാം എല്ലാ വകുപ്പുകളും സ്വീകരിക്കാന്‍ ജില്ല കലക്ടര്‍ നിര്‍ദേശിച്ചു.
മഴക്കാലത്ത് വ്യാപകമാകുന്ന ഡെങ്കിപ്പനി, എലിപ്പനി മുതലായവ തടയാന്‍ നടപടി സ്വകരിക്കും. പാമ്പ് കടിക്കുള്ള പ്രതിരോധ മരുന്ന് സജ്ജീകരിക്കും. ആരോഗ്യ ജാഗ്രതാ കലണ്ടറില്‍ നിര്‍ദേശിച്ച പ്രകാരം പ്രവര്‍ത്തനം സമയബന്ധിതമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കും.
രണ്ടാഴ്ചയില്‍ ഒരിക്കല്‍ ജില്ലാതലത്തില്‍ അവലോകനയോഗം ചേര്‍ന്ന് പകര്‍ച്ചവ്യാധികളുടെ സ്ഥിതിഗതി വിലയിരുത്തും. എല്ലാ ആഴ്ചയിലും ജില്ല സര്‍വൈലന്‍സ് ഓഫീസര്‍മാരുടെ അവലോകനയോഗം ചേരും. പ്രാണിജന്യ, ജന്തുജന്യ, വായുജന്യരോഗങ്ങളുടെ വ്യാപനം തടയുന്നതിന് മുന്‍കരുതല്‍ സ്വീകരിക്കും.
ദുരിതാശ്വാസ ക്യാമ്പുകളില്‍ ശുചിമുറികള്‍, വൈദ്യുതി, ലൈറ്റ്, ഫാന്‍, അടുക്കള മുതലായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. ക്യാമ്പുകളെ സംബന്ധിച്ച വിവരങ്ങള്‍ എല്ലാ പ്രാദേശിക സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും പരസ്യപ്പെടുത്തും.
അപകടാവസ്ഥയിലുള്ള മരങ്ങള്‍, മരച്ചില്ലകള്‍ എന്നിവ മുറിച്ചുമാറ്റും. സ്കൂളുകളുടെ സുരക്ഷ പ്രത്യേകമായി പരിശോധിച്ച് ഉറപ്പാക്കും. സ്കൂളുകള്‍, അങ്കണവാടികള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ ചുറ്റുമതില്‍, മേല്‍ക്കൂര എന്നിവ അപകടാവസ്ഥയില്‍ അല്ലെന്ന് ഉറപ്പാക്കണം.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ സ്കൂള്‍ ആപ്പ് ഉപയോഗിച്ച് എല്ലാ സ്കുളുകളും സ്കൂള്‍ സുരക്ഷാ പദ്ധതി തയ്യാറാക്കണം. സ്കൂള്‍ സേഫ്റ്റി പദ്ധതി സംബന്ധിച്ച് അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ വീടുകളില്‍ താമസിക്കുന്നവരുടെ പ്രത്യേക പട്ടിക തയ്യാറാക്കും.
ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുളള പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ഫോണ്‍നമ്പര്‍ ഉള്‍പ്പെടെയുളള വിവരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ ശേഖരിച്ച് അതാത് വില്ലേജ് ഓഫീസര്‍ക്ക് കൈമാറണം. ദുരന്ത സാധ്യതാ പ്രദേശങ്ങളിലെ അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തി മഴ, ദുരന്ത സാധ്യതാ മുന്നറിയിപ്പ് എത്തിക്കണം.
പ്രളയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും വെളളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും എലിപ്പനി പ്രതിരോധത്തിനായി ഡോക്സി സൈക്ലിന്‍ ഗുളിക വിതരണം ചെയ്യും.
ജില്ലയിലെ ഡാമുകളുടെ സ്പില്‍വേകളും ഷട്ടറുകളും സുഗമമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കും.
ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് അറിയിപ്പുകള് ലഭ്യമാകുമ്പോള്‍ ഡാമിലെ ജലം ഒഴുകുന്ന എല്ലാ പഞ്ചായത്തുകളിലും മൈക്ക് അനൗണ്‍സ്മെന്റുകള്‍ നടത്തും. താലൂക്ക് അടിസ്ഥാനത്തില്‍ ഭക്ഷ്യ സാധനങ്ങള്‍ വെളളം കയറാതെ ശേഖരിക്കുന്നതിനുളള സംഭരണ ശാലകള്‍ ഉറപ്പാക്കാനും ജില്ല കലക്ടര്‍ നിര്‍ദേശിച്ചു.
- Log in to post comments