മഴക്കാലപൂർവ ശുചീകരണം : അവലോകന യോഗം ഇന്ന്
ജില്ലയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെടെ വകുപ്പുകളുടെ അവലോകന യോഗം ഇന്ന് (മെയ് 20) കാക്കനാട് കളക്ടറേറ്റിൽ ചേരും. ഓരോ തദ്ദേശ സ്ഥാപനവും കൈക്കൊണ്ട നടപടികൾ യോഗം വിശദമായി വിലയിരുത്തും.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഓടകൾ വൃത്തിയാക്കുന്നതിനും കനാലുകളിലെ ഒഴുക്ക് സുഗമമാക്കുന്നതിനും പ്രത്യേക മുൻഗണന നൽകാനും. ഹരിതകർമ്മ സേനയുടെ സഹായത്തോടെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും
ജലാശയങ്ങൾക്ക് സമീപമുള്ള മെറ്റീരിയൽ കളക്ഷൻ സെന്ററുകൾ വെള്ളപ്പൊക്ക ഭീഷണി കണക്കിലെടുത്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുന്നതിനും തദ്ദേശസ്വയംഭരണ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു.
ജില്ലയിലെ സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക ശുചീകരണ യജ്ഞം സംഘടിപ്പിക്കണം. അതിഥി തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ ശുചിത്വം ഉറപ്പാക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ പ്രത്യേക ശ്രദ്ധ പുലർത്തണം. ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ള പ്രദേശങ്ങളിൽ ആരോഗ്യ പ്രവർത്തകരുടെയും ഹരിതകർമ്മ സേനയുടെയും നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ശുചീകരണ പ്രവർത്തനങ്ങൾക്കായി ഗ്രാമപഞ്ചായത്തുകൾക്ക് 30,000 രൂപയും നഗരസഭകൾക്ക് 40,000 രൂപയും കോർപ്പറേഷന് 60,000 രൂപയും വരെ തനത് ഫണ്ടിൽ നിന്ന് ചെലവാക്കാൻ അനുമതി നൽകിയിട്ടുണ്ട്.
അയൽക്കൂട്ടങ്ങളെയും വാർഡ് തല ശുചിത്വ സമിതികളെയും ഏകോപിപ്പിച്ചു കൊണ്ട് ജനപങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. മികച്ച രീതിയിൽ ശുചീകരണത്തിൽ ഏർപ്പെടുന്ന ഹരിതകർമ്മ സേനാംഗങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക പ്രോത്സാഹനം നൽകാനും പദ്ധതിയുണ്ട്.
- Log in to post comments