കാലവർഷം ശക്തമാകുന്നു: അപകടഭീഷണിയുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റാൻ ജില്ലാ കലക്ടറുടെ ഉത്തരവ്
കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ അപകടഭീഷണിയുള്ള മരങ്ങളും മരശിഖരങ്ങളും അടിയന്തരമായി മുറിച്ചുമാറ്റാൻ എറണാകുളം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ ജി. പ്രിയങ്ക ഉത്തരവിട്ടു.
ജില്ലയിലെ സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, പൊതുസ്ഥലങ്ങൾ, സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങൾ എന്നിവിടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന നിരവധി മരങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മരശിഖരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണo.
ജില്ലയിലെ എല്ലാ സർക്കാർ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിലെ അപകടകരമായ മരങ്ങളും ശിഖരങ്ങളും കണ്ടെത്തി അടിയന്തര നടപടി സ്വീകരിക്കണം. സ്വകാര്യ ഭൂമികളിൽ അപകടഭീഷണിയുണ്ടാക്കുന്ന മരങ്ങളുണ്ടെങ്കിൽ ബന്ധപ്പെട്ട ഉടമകൾക്ക് തദ്ദേശസ്ഥാപനങ്ങൾ നോട്ടീസ് നൽകണം. നിർദേശം പാലിക്കാത്ത പക്ഷം തദ്ദേശസ്ഥാപനങ്ങൾ നേരിട്ട് ശിഖരങ്ങൾ മുറിച്ചുമാറ്റുകയും ചെലവ് ഭൂവുടമയിൽ നിന്ന് ഈടാക്കുകയും ചെയ്യണം. സ്കൂൾ കോമ്പൗണ്ടുകളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ കണ്ടെത്തി പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ സുരക്ഷാ നടപടികൾ പൂർത്തിയാക്കാനും, അപകടസാധ്യതയുള്ള പരസ്യബോർഡുകളും ഹോർഡിംഗുകളും നീക്കം ചെയ്യാനും
ജില്ലാ കളക്ടർ നിർദേശം നൽകി.
മരങ്ങൾ പൂർണമായി മുറിച്ചുമാറ്റേണ്ട സാഹചര്യമുണ്ടെങ്കിൽ തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസർ, വനം വകുപ്പ് അധികൃതർ എന്നിവർ ഉൾപ്പെടുന്ന സമിതിയുടെ തീരുമാനപ്രകാരമേ നടപടി സ്വീകരിക്കാവൂ എന്നും ജില്ലാ കലക്ടർ പറഞ്ഞു.
- Log in to post comments