ടെക്‌സ്‌റ്റൈൽ മേഖലയുടെ വികാസത്തിന് പരിഗണന: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി
പരമ്പരാഗത മേഖലക്കടക്കം നിർണായക സംഭാവനകൾ നൽകാൻ കഴിയുന്ന ടെക്‌സ്റ്റെൽ വ്യവസായത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. തിരുവന്തപുരത്ത് ടെക്സ്റ്റെൽ മേഖലയുമായി ബന്ധപ്പെട്ട പ്രതിനിധികളുടെ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കൈത്തറി, നെയ്ത്ത് അടക്കമുള്ള മേഖലകളുടെ സാധ്യതകൾ വിപുലമാക്കണം. നിലവിൽ ടെക്‌സ്റ്റെൽ മേഖല നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും വിദഗ്ധരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ സമ്മേളനത്തിന് നിർദേശിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തെ സംബന്ധിച്ച് നിലവിൽ അനേകം തൊഴിലാളികൾ ഉൾപ്പെടുന്നതും വിപുലമായ തൊഴിവസരങ്ങൾക്കുള്ള സാധ്യതയുമാണ് വസ്ത്ര നിർമാണ, വ്യാപാര രംഗം നൽകുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തിലെ വസ്ത്ര വ്യവസായ മേഖലയെ ആഗോള വിപണിയിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും 2030ഓടെ 100 ബില്യൺ യു.എസ്. ഡോളർ കയറ്റുമതി ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് യോഗം സംഘടിപ്പിച്ചത്.
ഹാൻഡ്‌ലൂംസ് ആൻഡ് ടെക്‌സ്‌റ്റൈൽസ് ഡയറക്ടർ ഡോ. കൃപ കുമാർ കെ.എസ്. സ്വാഗതം പറഞ്ഞു. വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടർ വിഷ്ണു രാജ് മുഖ്യപ്രഭാഷണം നടത്തി. ഇൻഡസ്ട്രീസ് വകുപ്പിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആനി ജൂലി തോമസ്, കേന്ദ്ര ടെക്‌സ്‌റ്റൈൽ കമ്മീഷണറുടെ ഓഫീസ് ഡയറക്ടർ വിജയ് ധർ ചൗബേ, സീനിയർ കൺസൽട്ടന്റ് ബിജേത മോഹന്തി എന്നിവർ സംബന്ധിച്ചു. കേന്ദ്ര ടെക്‌സ്റ്റെൽ മന്ത്രാലയവും സംസ്ഥാന വ്യവസായ, വാണിജ്യ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
പി.എൻ.എക്‌സ്. 1576/2026
- Log in to post comments