സ്‌കൂൾ ബസ് സുരക്ഷാ പരിശോധനക്ക് തുടക്കമായി; ആദ്യദിനം 16 ബസുകൾക്ക് സർട്ടിഫിക്കറ്റ്
പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധനയ്ക്ക് തുടക്കമായി. എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ പരിധിയിലുള്ള വാഹനങ്ങൾക്കായി കളമശ്ശേരി സി.എഫ്. ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന ആദ്യദിന പരിശോധനയിൽ 60 സ്കൂൾ ബസുകൾ പങ്കെടുത്തു.
ബുധനാഴ്ച (മെയ് 20) രാവിലെ എട്ടുമണിയോടെ ആരംഭിച്ച പരിശോധന ഉച്ചക്ക് ഒന്ന് വരെ നീണ്ടു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച 16 ബസുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി ആർ.ടി.ഒ.യുടെ പ്രത്യേക സുരക്ഷാ സ്റ്റിക്കറുകൾ പതിപ്പിച്ചു.
പരിശോധനയിൽ ചെറിയ യാന്ത്രിക തകരാറുകൾ കണ്ടെത്തിയ വാഹനങ്ങൾക്ക് അവ അടിയന്തരമായി പരിഹരിച്ച് വീണ്ടും ഹാജരാക്കാൻ നിർദേശം നൽകി.
ഡ്രൈവർമാർക്ക് ബസിന്റെ മുൻഭാഗത്തെ കാഴ്ചകൾ വ്യക്തമാക്കുന്ന 'ബ്ലൈൻഡ് സ്പോട്ട് മിററുകളുടെ' കുറവ്, സ്പീഡ് ഗവർണറുകളിലെ തകരാറുകൾ, മറ്റ് ചെറിയ സാങ്കേതിക പ്രശ്നങ്ങൾ എന്നിവയാണ് ചില ബസുകളിൽ കണ്ടെത്തിയത്. ഈ കുറവുകൾ പരിഹരിച്ച് എത്തിക്കുന്ന വാഹനങ്ങൾക്ക് വരും ദിവസങ്ങളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുമെന്ന് എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ (ആർ. ടി. ഒ) കെ. ആർ സുരേഷ് അറിയിച്ചു.
സ്കൂൾ തുറക്കുന്ന ജൂൺ ഒന്നാം തീയതി മുതൽ റോഡുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ കർശനമായ പരിശോധനയുണ്ടാകും. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ആർ.ടി.ഒ പറഞ്ഞു.
രണ്ടാം ഘട്ട പരിശോധന മെയ് 23 നടക്കും.
- Log in to post comments