Skip to main content

പ്രവാസികൾക്ക് ആശ്വാസമായി എൻ.ആർ.ഐ. അദാലത്ത്; പരാതി പരിഹാരത്തിന് പുതിയ വെബ്‌സൈറ്റ് ഉടൻ

പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും വേഗതയേറിയതുമാക്കാൻ ലക്ഷ്യമിട്ട് സി-ഡിറ്റുമായി (C-DIT) ചേർന്ന് വികസിപ്പിക്കുന്ന ആധുനിക വെബ്‌സൈറ്റ് ഉടൻ തന്നെ ലോഞ്ച് ചെയ്യുമെന്നും  ഇതിനായുള്ള അവസാനവട്ട ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞുവെന്നും തിരുവനന്തപുരത്ത് നടന്ന പത്താമത് എൻ.ആർ.ഐ അദാലത്തിനോടനുബന്ധിച്ചു നടന്ന വാർത്താ സമ്മേളനത്തിൽ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് (റിട്ട) സോഫി തോമസ് അറിയിച്ചു. 

 പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന  രീതിയിലാണ് പുതിയ വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രവാസികൾക്ക് ഏത് രാജ്യത്ത് നിന്നും കമ്മീഷൻ ഓഫീസിൽ വരാതെ തന്നെ ഓൺലൈനായി പരാതികൾ ഫയൽ ചെയ്യാം. ഫയൽ ചെയ്ത പരാതികളുടെ നിലവിലെ അവസ്ഥയും (Status) തുടർനടപടികളും കൃത്യമായി ഫോളോ അപ്പ് ചെയ്യാം. കൂടാതെ  കേസിലെ അന്തിമ ഉത്തരവുകൾ വെബ്‌സൈറ്റിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്‌തെടുക്കാനുള്ള സൗകര്യവും ഇതിലുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിൽ  പുതിയ കമ്മീഷൻ ചുമതലയേറ്റ ശേഷം എല്ലാ മാസവും വിവിധ ജില്ലകളിൽ വിജയകരമായി അദാലത്തുകൾ നടത്തിവരികയാണ്. കോടതികളിൽ വർഷങ്ങളായി നീളുന്ന സങ്കീർണ്ണമായ കേസുകൾ പോലും മണിക്കൂറുകൾക്കുള്ളിൽ ഇരുവിഭാഗത്തെയും കേട്ട് തീർപ്പാക്കാൻ കമ്മീഷന് സാധിക്കുന്നുണ്ട്. കോവിഡ് കാലത്ത് ഗൾഫിൽ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടവർക്കും, വിദേശത്ത് വിവിധ കേസുകളിൽ പെട്ടവർക്കും കമ്മീഷന്റെ ഇടപെടൽ വലിയ ആശ്വാസമായി. പോലീസ്, നോർക്ക,  തുടങ്ങിയ വിവിധ വകുപ്പുകളുടെ ശക്തമായ പിന്തുണയോടെയാണ് കമ്മീഷൻ ഈ നേട്ടം കൈവരിക്കുന്നത്. അടുത്ത രണ്ട് മാസത്തിനുള്ളിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ അദാലത്തുകൾ കൂടി പൂർത്തിയാകുന്നതോടെ കമ്മീഷൻ കേരളം മുഴുവൻ ഒരു റൗണ്ട് അദാലത്ത് വിജയകരമായി പൂർത്തിയാക്കും. അടുത്ത അദാലത്ത് പത്തനംതിട്ടയിലും ജൂലൈയിൽ ആലപ്പുഴയിലുമാണ് പ്ലാൻ ചെയ്തിരിക്കുന്നത്.

പ്രവാസികളുടെ ക്ഷേമം മുൻനിർത്തി കമ്മീഷൻ ശക്തമായ നടപടികളിലേക്ക് കടക്കുകയാണ്. സർക്കാർ  അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ആജീവനാന്ത അംഗത്വവും പെൻഷനും വാഗ്ദാനം ചെയ്ത് സാമ്പത്തിക  തട്ടിപ്പ് നടത്തുന്ന വ്യാജ അസോസിയേഷനുകൾക്കെതിരെ കമ്മീഷൻ ഡി.ജി.പി തലത്തിൽ നടപടിക്ക് ശുപാർശ നൽകിയിട്ടുണ്ട്. മുപ്പതിനായിരം പേർ വരെ രജിസ്റ്റർ ചെയ്ത വ്യാജ സംഘടനകൾ ഉള്ളതായി കണ്ടെടുത്തി. ഇത്തരം സംഘങ്ങൾക്കെതിരെ ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും അതിൽ മാധ്യമങ്ങൾക്കു പ്രധാന പങ്കു വഹിക്കാനുണ്ടെന്നും കമ്മീഷൻ അംഗങ്ങൾ പറഞ്ഞു.    

നോർക്കയുടെ കൃത്യമായ രജിസ്‌ട്രേഷൻ ഉള്ള സംഘടനകൾക്ക് മാത്രമേ പ്രവാസികളുടെ ഇടയിൽ പ്രവർത്തിക്കാനും സഹായങ്ങൾ നൽകാനും അനുമതി നൽകാവൂ എന്ന് കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇതുവഴി പ്രവാസികൾ ചതിക്കുഴികളിൽ വീഴുന്നത് പൂർണ്ണമായി തടയാനാകുമെന്നാണ് പ്രതീക്ഷ.

വാർത്താ സമ്മേളനത്തിൽ കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് (റിട്ട) സോഫി തോമസിനൊപ്പം മെമ്പർമാരായ പി. എം. ജാബിർ പൊന്നുമാംഗൽ, ജോസഫ് ദേവസ്യ, ഡോ. മാത്യു കെ. ലുകോസ്, എൻ. എൻ. നയീം, അസിസ്റ്റന്റ് സെക്രട്ടറി നജീബ് ടി. എ. എന്നിവരും പങ്കെടുത്തു.

പി.എൻ.എക്‌സ്. 1677/2026

date