Skip to main content

പിണവൂർകുടിയിൽ അടഞ്ഞുകിടന്ന ലേഡീസ് ഹോസ്റ്റൽ ഇനി ആൺകുട്ടികൾക്ക് ആശ്രയമാകും; ജില്ലാ പഞ്ചായത്തിന്റെ ഇടപെടലിൽ ശാപമോക്ഷം

​ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ബോയ്സ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ ഇടപെടലിൽ താൽക്കാലിക ആശ്വാസം.

 വർഷങ്ങളായി പൂട്ടിക്കിടന്ന പിണവൂർകുടിയിലെ ലേഡീസ് ഹോസ്റ്റൽ കെട്ടിടം ഇനി ബോയ്സ് ഹോസ്റ്റലായി പ്രവർത്തിക്കും.
​
സ്കൂൾ ആവശ്യത്തിനായി ആദിവാസി സമുദായാംഗങ്ങൾ  വിട്ടുനൽകിയ 50 സെന്റ് സ്ഥലത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 2002-ൽ നിർമ്മാണം ആരംഭിച്ച കെട്ടിടം, 2010-15 കാലയളവിൽ മുൻ എംഎൽഎ ടി.യു. കുരുവിളയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പൂർത്തിയാക്കിയത്. എന്നാൽ പട്ടികജാതി വികസന വകുപ്പിന്റെ കൈവശമുണ്ടായിരുന്ന ഈ കെട്ടിടം പണി കഴിഞ്ഞിട്ടും തുറക്കാതിരുന്നതോടെ കാടുകയറി നശിക്കുകയായിരുന്നു.
​നിലവിലെ ബോയ്സ് ഹോസ്റ്റൽ കെട്ടിടത്തിന് ഫിറ്റ്നസ് നഷ്ടപ്പെട്ടതോടെയാണ് വിദ്യാർത്ഥികളെ അടിയന്തരമായി ഇങ്ങോട്ട് മാറ്റാൻ എറണാകുളം ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്. പഴയ ഹോസ്റ്റൽ സ്ഥാനത്ത് പുതിയ കെട്ടിടം വരും വരെയാണ് ഈ ക്രമീകരണം.

​എറണാകുളം ജില്ലാ പഞ്ചായത്ത്, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്, കോതമംഗലം എം.എ. കോളേജ് എന്നിവർ സംയുക്തമായാണ് നവീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ചുറ്റുമതിൽ, വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമാക്കാനുള്ള ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്.

​ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാധാകൃഷ്ണൻ, ഡിവിഷൻ മെമ്പർ സൗമ്യ ശശി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേരി കുര്യാക്കോസ്, വാർഡ് മെമ്പർ ബിന്ദു രാജേന്ദ്രൻ എന്നിവരടങ്ങുന്ന ജനപ്രതിനിധി - ഉദ്യോഗസ്ഥ സംഘം ഹോസ്റ്റൽ പരിസരം സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.

date