ദക്ഷിണാമൂര്‍ത്തി സ്വാമി മെമന്റോ മ്യൂസിയം മന്ത്രി നാടിന് സമര്‍പ്പിച്ചു
മക്രേരി അമ്പലത്തില്‍ നിര്‍മ്മിച്ച ദക്ഷിണാമൂര്‍ത്തി സ്വാമി മെമന്റോ മ്യൂസിയം ആന്റ് കള്‍ച്ചറല്‍ സെന്റര്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങള്‍ നീണ്ട സംഗീത യാത്രയില്‍ വി ദക്ഷിണാമൂര്‍ത്തിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ സ്മരണകള്‍ ഉറങ്ങുന്ന മക്രേരി അമ്പലത്തില്‍ സ്മൃതിമണ്ഡപം ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷിണാമൂര്‍ത്തി സ്വാമികള്‍ മക്രേരി അമ്പലത്തില്‍ തൊഴാനെത്തിയപ്പോള്‍ ക്ഷേത്രവും പരിസരവും ഇഷ്ടപ്പെടുകയും പിന്നീട് ക്ഷേത്രത്തിലെ നിത്യ സന്ദര്‍ശകനായി മാറുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് സംഗീത രംഗത്ത് തനിക്ക് ലഭിച്ച മുഴുവന്‍ പുരസ്‌കാരങ്ങളും ഉപഹാരങ്ങളും അദ്ദേഹം ക്ഷേത്രത്തിന് സമര്‍പ്പിച്ചു. ദക്ഷിണാമൂര്‍ത്തി പണി കഴിപ്പിച്ച സരസ്വതി മണ്ഡപത്തിലാണ് ഇതുവരെ അദ്ദേഹത്തിന്റെ പുരസ്‌കാരങ്ങള്‍ സൂക്ഷിച്ചിരുന്നത്.
അപര്യാതപമായ സൗകര്യത്തില്‍ മഹാപ്രതിഭയുടെ പുരസ്‌കാരങ്ങള്‍ സൂക്ഷിക്കുന്നത് ക്ഷേത്രം ഭാരവാഹികള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ 50 ലക്ഷം രൂപ ചെലവില്‍ മ്യൂസിയം നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കുകയായിരുന്നു.
2015 ലാണ് മ്യൂസിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചത്. മ്യൂസിയത്തില്‍ വെങ്കലത്തില്‍ തീര്‍ത്ത ദക്ഷിണാമൂര്‍ത്തിയുടെ പ്രതിമ സ്ഥാപിക്കാനും ആലോചനയുണ്ട്.
വടക്കന്‍ മലബാറിന്റെ ടൂറിസം വികസനത്തിന് മികച്ച പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 305 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളുടെ മുഖച്ഛായ മാറ്റും. കല, കരകൗശലം, ഭക്ഷണം, ക്ഷേത്രങ്ങള്‍, ചരിത്രം തുടങ്ങി സഞ്ചാരികള്‍ക്ക് യാത്രകളിലൂടെ മലബാറിനെ അടുത്തറിയാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഇതിലൂടെ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു. ദക്ഷിണാമൂര്‍ത്തിയുടെ സഹധര്‍മ്മിണി കല്യാണി ദക്ഷിണാമൂര്‍ത്തി മുഖ്യാഥിഥിയായി. പ്രൊഫ. പി ആര്‍ കുമാര കേരള വര്‍മ്മ ദക്ഷിണാമൂര്‍ത്തി അനുസ്മരണ പ്രഭാഷണം നടത്തി. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ കെ വാസു, കമ്മീഷണര്‍ കെ മുരളി, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം പി പി സത്യന്‍, ദേവസ്വം ബോര്‍ഡ് അംഗം എ പ്രദീപന്‍, തലശ്ശേരി ഏരിയ ചെയര്‍മാന്‍ രാജന്‍ വേലാണ്ടി, മക്രേരി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത്ത് പറമ്പത്ത്, പി ഷിജിന്‍, സി കെ കുഞ്ഞിരാമന്‍, വി സി വാമനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments