Skip to main content

ഫോറസ്റ്റ് വെറ്ററിനറി യൂണിറ്റുകൾക്ക് ട്രാൻകുലൈസർ ഡാർട്ട് ഗണ്ണുകൾ വിതരണം ചെയ്യും

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ഫോറസ്റ്റ് വെറ്ററിനറി യൂണിറ്റുകൾക്കും ട്രാൻകുലൈസർ ഡാർട്ട് ഗണ്ണുകളും അനുബന്ധ സാമഗ്രികളും വിതരണം ചെയ്യുന്നു.

കേരളത്തിൽ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറിമാരുടെ നേതൃത്വത്തിൽ നിലവിൽ 15 ഫോറസ്റ്റ് വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. ജനവാസമേഖലകളിൽ ഒറ്റപ്പെട്ടുപോകുന്ന വന്യമൃഗങ്ങളെ സുരക്ഷിതമായി മയക്കുവെടിവച്ച് മാറ്റുന്നതിനും ഗുരുതരമായി പരിക്കേറ്റ വന്യമൃഗങ്ങൾക്ക് ചികിത്സ നൽകുന്നതിനും വെറ്ററിനറി യൂണിറ്റുകളുടെ സേവനം നിർണായകമാണ്. ഇത്തരത്തിലുള്ള അടിയന്തര സാഹചര്യങ്ങൾ കൂടുതൽ ഫലപ്രദമായി നേരിടുന്നതിനായാണ് വനം വകുപ്പിന്റെ കീഴിലുള്ള എല്ലാ വെറ്ററിനറി യൂണിറ്റുകൾക്കും ട്രാൻകുലൈസർ ഡാർട്ട് ഗണ്ണുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങിയത്.  കിഫ്ബി ധനസഹായത്തോടെയാണ് ഉപകരണങ്ങൾ വാങ്ങിയിരിക്കുന്നത്. ട്രാൻകുലൈസർ ഡാർട്ട് ഗണ്ണുകൾ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർമാർക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും വനം വകുപ്പ് അറിയിച്ചു.

പി.എൻ.എക്‌സ്. 1829/2026

date