Skip to main content

  കുറ്റകൃത്യ നിയന്ത്രണത്തിന് 'ഹോക്ക്' സോഫ്റ്റ്‌വെയറുമായി വനം വകുപ്പ്

 വനംവകുപ്പിലെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ഡിസ്ട്രിക്റ്റ് കോർട്ട് മാനേജ്‌മെന്റ്‌  സിസ്റ്റം (DCMS) വഴി നേരിട്ട് ഓൺലൈനായി കോടതികളിൽ സമർപ്പിക്കാനുള്ള പുതിയ സംവിധാനം കേരള വനംവകുപ്പ് ഒരുക്കി. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ഹോക്ക്' (Hostile Activity Watch Kernel - HAWK) പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് സംവിധാനം പ്രവർത്തിക്കുക.

കുറ്റകൃത്യ നിയന്ത്രണം, വന്യജീവി മരണങ്ങളുടെ നിരീക്ഷണം, ഡാറ്റാ അനലിറ്റിക്‌സ്, ജിയോസ്‌പേഷ്യൽ അനാലിസിസ്, മൊബൈൽ ആപ്ലിക്കേഷനുകൾ, കമാൻഡ് ആൻഡ് കൺട്രോൾ മോണിറ്ററിംഗ് തുടങ്ങി നിരവധി മോഡ്യൂളുകൾ സംയോജിപ്പിച്ച സമഗ്ര ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഹോക്ക്.വനംവകുപ്പിന്റെ വിവിധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ തത്സമയ നിരീക്ഷണത്തിനും ഈ സംവിധാനം സഹായകരമാകുമെന്ന് വകുപ്പ് അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് ഡാറ്റാ സെന്ററിലാണ് ഹോക്ക് സോഫ്റ്റ്‌വെയർ ഹോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ സംവിധാനത്തിലൂടെ കോടതികളിലേക്കുള്ള രേഖാ സമർപ്പണ നടപടികൾ കൂടുതൽ വേഗത്തിലും സുതാര്യമായും നടത്താനാകുമെന്നും വനംവകുപ്പ് വ്യക്തമാക്കി.

പി.എൻ.എക്‌സ്. 1831/2026

date