പരിശീലന പരിപാടി സമാപിച്ചു
ജില്ലയിലെ തിരഞ്ഞെടുത്ത സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ക്കായി സംഘടിപ്പിച്ച ഏഴു ദിവസത്തെ 'യുവ ആപദാ മിത്ര' പരിശീലന പരിപാടി സമാപിച്ചു. ജില്ലാ ഫയര്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമാപന സമ്മേളനം അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റും ജില്ലാ ദുരന്തനിവാരണ അതോറിറ്റി സി.ഇ.ഒയുമായ ടി. കെ. വിനീത് ഉദ്ഘാടനം ചെയ്തു. ദുരന്തസാധ്യതാ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതും അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ സന്നദ്ധരായ യുവജനങ്ങളെ പ്രാപ്തരാക്കുന്നതുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കലക്ട്രേറ്റ് ദുരന്തനിവാരണ വിഭാഗം സൂപ്രണ്ട് ഡോ. ജി. ബിജു അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ഫയര്‍ ഓഫീസര്‍ എന്‍. രാംകുമാര്‍ വിശിഷ്ടാതിഥിയായി. അഗ്‌നിരക്ഷാ സേന സ്റ്റേഷന്‍ ഓഫീസര്‍ ടി. ശിവകുമാര്‍, ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് പ്രേം ജി പ്രകാശ്, ഡി.എം പ്ലാന്‍ കോഓര്‍ഡിനേറ്റര്‍ എസ് മീനു, സിവില്‍ ഡിഫന്‍സ് ഡിവിഷണല്‍ വാര്‍ഡന്‍ അഖില്‍ വേണു തുടങ്ങിയവര്‍ സംസാരിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും അഗ്‌നിരക്ഷാ വകുപ്പും ചേര്‍ന്നാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 70 സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിയില്‍ എന്‍.ഡി.ആര്‍.എഫ്., അഗ്‌നിരക്ഷാ സേന, റവന്യു തുടങ്ങി വിവിധ വകുപ്പുകളിലെ വിദഗ്ദ്ധര്‍ രക്ഷാപ്രവര്‍ത്തനം, പ്രഥമ ശുശ്രൂഷ, മുന്നറിയിപ്പ് സംവിധാനങ്ങള്‍, അപകടങ്ങള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ വളണ്ടിയര്‍മാര്‍ക്ക് ഐ.ഡി. കാര്‍ഡ്, യൂണിഫോം, എമര്‍ജന്‍സി കിറ്റ്, അപകട ഇന്‍ഷുറന്‍സ് എന്നിവ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുഖേന ലഭ്യമാക്കും.
- Log in to post comments