ട്രോളിങ് നിരോധനം, തീരദേശ സുരക്ഷ : ജില്ലാതലയോഗം ചേർന്നു
ട്രോളിങ് നിരോധനം, തീരദേശ സുരക്ഷ : ജില്ലാതലയോഗം ചേർന്നു
ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മത്സ്യത്തൊഴിലാളികൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ അനുകുമാരി. ജൂൺ 9 മുതൽ ജൂലൈ 31 വരെയുള്ള ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
തീരദേശത്തെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ, തിരുവനന്തപുരം ഫിഷറീസ് ജില്ലാ ഓഫീസ് എന്നിവടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 0471 2480335 (ഫിഷറീസ് ജില്ലാ ഓഫീസ്), 0471 2450773 (വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ) എന്നീ കൺട്രോൾ റൂം നമ്പറുകളിലും 9496007026- ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, 9496007035-ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, 9496007023-ഫിഷറീസ് ജോയിന്റ് ഡയറക്ടർ എന്നീ മൊബൈൽ നമ്പറുകളിലും സേവനം ലഭ്യമാണ്.
സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ആധാർ കാർഡിന്റെ കോപ്പി നിർബന്ധമായും കൈവശം സൂക്ഷിക്കണം. ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കണമെന്നും കർശന നിർദ്ദേശം നൽകി.
ഇൻബോർഡ് വള്ളങ്ങൾ പോകുമ്പോൾ ഒരു കാരിയർ വള്ളം മാത്രമേ ഒപ്പം ഉപയോഗിക്കാൻ പാടുള്ളൂ. കടൽ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനായി ഔദ്യോഗിക പ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളും പ്രതിനിധികളും ഉൾപ്പെടുന്ന സംയുക്ത സമിതി രൂപീകരിക്കും. ഈ സമിതി ആഴ്ചയിലൊരിക്കൽ ഓൺലൈൻ യോഗങ്ങൾ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.
കൂടാതെ വിഴിഞ്ഞം, മുതലപ്പൊഴി മേഖലകളിലെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായി അഞ്ചോ ആറോ അംഗങ്ങൾ മാത്രമുള്ള ചെറിയ പ്രത്യേക സമിതികളും രൂപീകരിക്കും. ഇത്തരം സംയുക്ത നീക്കങ്ങളിലൂടെ തീരദേശത്തെ ആശങ്കകൾ പരിഹരിക്കാനും കൂടുതൽ സുരക്ഷിതമായ രീതിയിൽ മത്സ്യബന്ധന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും സാധിക്കുമെന്ന് യോഗം വിലയിരുത്തി.
യോഗത്തിൽ സബ് കളക്ടർ ആൽഫ്രഡ് ഒ.വി, എഡിഎം നിർമ്മൽ കുമാർ.ജി, മത്സ്യബന്ധന മേഖലയിലെ ട്രേഡ് യൂണിയൻ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
- Log in to post comments