'ലിറ്റിൽ കൈറ്റ്സ് ' പ്രവേശന പരീക്ഷാ പരിശീലന ക്ലാസുകൾ ജൂൺ 12 മുതൽ കൈറ്റ് വിക്ടേഴ്സിൽ
സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ - എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള 'ലിറ്റിൽ കൈറ്റ്സ്' ക്ലബ്ബുകളിൽ അംഗത്വത്തിനുള്ള പ്രവേശന പരീക്ഷ എഴുതുന്ന കുട്ടികൾക്കുള്ള പ്രത്യേക പരിശീലന പരിപാടി ജൂൺ 12 മുതൽ കൈറ്റ് വിക്ടേഴ്സിൽ സംപ്രേഷണം ചെയ്യും. ജൂൺ 12, 13, 14 തീയതികളിൽ രാവിലെ 7 മണിക്ക് പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്നതും ക്ലാസുകൾ അന്നേദിവസം ഉച്ചക്ക് 1.30നും വൈകിട്ട് 7.30 നും പുനഃസംപ്രേഷണം ചെയ്യുന്നതുമാണ്. സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തുന്ന അരമണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ-ഗണിതം, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐ.സി.ടി പാഠപുസ്തകം, ഐ.ടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അഭിരുചി പരീക്ഷ ജൂൺ 18ന് എല്ലാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലും നടക്കും.
പി.എൻ.എക്സ്. 1915/2026
- Log in to post comments